ഇടതുസര്‍ക്കാര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച കര്‍ഷക പെന്‍ഷന്‍ പദ്ധതി ഇപ്പോഴും സോഫ്റ്റ്‌വെയറില്‍ കുരുങ്ങികിടക്കുന്നു. ഭരണത്തിലേറി മാസങ്ങള്‍ പിന്നിട്ടിട്ടും പെന്‍ഷന്‍ പദ്ധതി എങ്ങുമെത്താത്ത അവസ്ഥയാണ്. സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ പദ്ധതി വൈകിപ്പിക്കുന്നെന്നാണ് കര്‍ഷക ക്ഷേമനിധി ബോര്‍ഡിലെ രാഷ്ട്രീയ പ്രതിനിധികളുടെ ആരോപണം. പദ്ധതിയുടെ നിര്‍വഹണ ചുമതല വഹിക്കുന്ന കര്‍ഷക ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ കൃഷി മന്ത്രിയെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ജില്ലാതലത്തില്‍ ഓഫീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടി നേരത്തെ ആരംഭിച്ചിരുന്നു. ജൂലൈ 22 മുതല്‍ അപേക്ഷിക്കാമെന്നായിരുന്നു പ്രഖ്യാപനം. തൃശൂര്‍ ആസ്ഥാനമായി ഹെഡ് ഓഫീസും കോഴിക്കോടും തിരുവനന്തപുരത്തും റീജിയണല്‍ ഓഫീസും തുടങ്ങിയിട്ട് മാസങ്ങളായി. ജീവനക്കാരെയും നിയമിച്ചിരുന്നു. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പാക്കുന്ന പദ്ധതി മന്ത്രിസഭ അംഗീകരിച്ചതോടെ മുഖ്യമന്ത്രിയാണ് പ്രഖ്യാപിച്ചത്.
22 പേരെ ഉള്‍പ്പെടുത്തി കര്‍ഷക ക്ഷേമനിധി ബോര്‍ഡും രൂപീകരിച്ചിരുന്നു. ചെയര്‍മാന്‍, സിഇഒ, ജോയിന്റ് സിഇഒ, കൃഷി-മൃഗസംരക്ഷണ സെക്രട്ടറിമാര്‍, ധനകാര്യ ജോയിന്റ് സെക്രട്ടറി എന്നിവരടങ്ങിയ എട്ട് പേരും ഭരണപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളും പ്രതിപക്ഷത്ത് നിന്ന് കോണ്‍ഗ്രസ് പ്രതിനിധിയും ഉള്‍പ്പെടെയാണ് 22 പേര്‍. കര്‍ഷക പെന്‍ഷന്‍ പദ്ധതി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നടപടി തുടരുന്നെന്നാണ് സര്‍ക്കാര്‍ വിശദീകരണം. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ പണമിടപാടുകള്‍ ഓണ്‍ലൈനായാണ് നടത്തേണ്ടത്. കര്‍ഷക രജിസ്‌ട്രേഷന്‍ സോഫ്റ്റ്വെയറിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയായിട്ടില്ല. ആമസോണ്‍ സെര്‍വര്‍ ഉപയോഗിച്ച് സി-ഡിറ്റാണ് സോഫ്റ്റ്വെയര്‍ തയാറാക്കിയത്. രജിസ്‌ട്രേഷന്‍ തുടങ്ങാന്‍ തയാറെടുക്കുന്നതിനിടെയാണ് സോഫ്റ്റ്‌വെയറിന് സുരക്ഷാ ഓഡിറ്റ് വേണമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് ആമസോണ്‍ സെര്‍വര്‍ ഒഴിവാക്കി സ്റ്റേറ്റ് ഡേറ്റാ സെര്‍വര്‍ ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി-ഡാക്കിന്റെ നേതൃത്വത്തില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയാലുടന്‍ രജിസ്‌ട്രേഷന്‍ നടപടി വേഗത്തിലാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഈ നടപടികള്‍ പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മാസങ്ങളെടുക്കും.
പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
.അംഗങ്ങളായ എല്ലാ കര്‍ഷകര്‍ക്കും 60 വയസിന് ശേഷം കുറഞ്ഞത് 5,000 രൂപ വീതം പെന്‍ഷന്‍ ലഭിക്കുന്നതാണ് പദ്ധതി.
. അഞ്ച് വര്‍ഷത്തില്‍ കുറയാതെ അംശാദായം അടച്ചവര്‍ക്ക് 60 വയസ് തികയുമ്പോള്‍ അംശാദായം അടച്ച വര്‍ഷത്തിന്റെ അടിസ്ഥാനത്തിലാകും പെന്‍ഷന്‍.
. 25 വര്‍ഷം അംശാദായം അടച്ചവര്‍ക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും.
. 30 ലക്ഷം അംഗങ്ങളെ ചേര്‍ക്കുകയാണ് ലക്ഷ്യം.
. തുടക്കത്തില്‍ 20 ലക്ഷം പേരെയാണ് ചേര്‍ക്കുക.
. കൃഷിയില്‍ നിന്ന് അകന്നുപോയ യുവജനങ്ങളെ തിരികെയെത്തിക്കുകയാണ് മുഖ്യലക്ഷ്യം.
. അംഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.
. ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ പ്രക്രിയ പൂര്‍ണമായാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്ന പ്രതിമാസ പെന്‍ഷന്‍ ബോര്‍ഡ് വഴിയാകും വിതരണം ചെയ്യുക.