X

യോഗ്യതയുണ്ടായിട്ടും നിയമനം നൽകിയില്ല: പി.എസ്.സി ചെയർമാൻ പങ്കെടുത്ത ചടങ്ങിൽ ഉദ്യോഗാർഥികളുടെ പ്രതിഷേധം

പി.എസ്.സി ചെയർമാൻ പങ്കെടുത്ത നിയമന ഉത്തരവ് കൈമാറൽ ചടങ്ങിനിടെ റാങ്ക് ലിസ്റ്റിൽ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം. എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങൾക്ക് നിയമനം നൽകാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ചാണ് ഉദ്യോഗാർഥികൾ പരിപാടി നടന്ന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചത്.
വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ, കാളികാവ്, വണ്ടൂർ, അരീക്കോട് ബ്ലോക്കുകളിലെയും പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിലെയും വനാന്തരങ്ങളിലെയും വനാതിർത്തികളിലെയും സെറ്റിൽമെന്റ് കോളനികളിൽ വസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്കായി കാറ്റഗറി നമ്പർ 8/2020, 9/2020 എന്നീ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയില്ലാതെ നടത്തിയ നിമനത്തിലാണ് വനത്തിനുള്ളിൽ താമസിക്കുന്നവരടക്കമുള്ള ഉദ്യോഗാർഥികൾ പുറത്തായത്.
മതിയായ യോഗ്യതകളുണ്ടായിട്ടും തങ്ങളെ തഴഞ്ഞ പി.എസ്.സിയുടെ നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഉദ്യോഗാർഥികളുടെ സമരം. ഫിസിക്കൽ ടെസ്റ്റിൽ മിനിമം മൂന്നെണ്ണത്തിൽ വിജയിക്കണമെന്ന മാനദണ്ഡം പി.എസ്.സി മഖുവിലക്കെടുത്തില്ലെന്നും ഇവർ കുറ്റപ്പെടുത്തി. വനത്തിലോ വനത്തിന് സമീപത്തോ താമസിക്കുന്നവർക്കെന്ന് ഉത്തരവിൽ പറഞ്ഞിട്ടും നഗരങ്ങളിലടക്കം താമസിക്കുന്നവർക്ക് നിയമനാനുമതി നൽകിയെന്നും ഇവർ പറയുന്നു. ഐ.റ്റി.ഡി.പിയും വനംവകുപ്പും ഇതിൽ ഒത്തുകളിച്ചുവെന്നും ഉദ്യോഗാർഥികൾ ആരോപിച്ചു.
സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റുമായ സംഷാദ് മരക്കാർ, ജില്ലാ പഞ്ചായത്തംഗവും കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റുമായ അമൽ ജോയ് തുടങ്ങിയവർ പ്രതിഷേധത്തിനെത്തിയവർക്ക് പിന്തുണയുമായി എത്തി.

 

adil: