X
    Categories: Newsworld

‘മോദീ, അദാനിക്കും അംബാനിക്കും ഇന്ത്യയെ വില്‍ക്കുന്നത് നിര്‍ത്തൂ’;കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ലണ്ടനില്‍ പ്രതിഷേധം

ലണ്ടന്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരായി ലണ്ടനില്‍ പ്രതിഷേധം. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആയിരക്കണക്കിനാളുകളാണ് ഞായറാഴ്ച മധ്യ ലണ്ടനില്‍ പ്രതിഷേധിച്ചത്. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാണിച്ച് ഒട്ടേറെ പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിസായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത്.

ഓള്‍ഡ്വിച്ചില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ എംബസിക്ക് സമീപം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ട്രാഫല്‍ഗര്‍ ചത്വരത്തിലേക്ക് പ്രകടനം നടത്തി. ‘ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു’ എന്ന മുദ്രാവാക്യവും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയായിരുന്നു ബ്രിട്ടനിലെ സിഖുകാര്‍ അടക്കമുള്ളവരുടെ പ്രതിഷേധം. മോദീ, അദാനിക്കും അംബാനിക്കും ഇന്ത്യയെ വില്‍ക്കുന്നത് നിര്‍ത്തൂ എന്ന പ്ലക്കാര്‍ഡും പ്രതിഷേധത്തില്‍ ഉയര്‍ന്നു. മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്നും അതിനാല്‍ 30ല്‍ അധികം പേര്‍ ഒത്തുകൂടിയാല്‍ അറസ്റ്റും പിഴയും ഉണ്ടാകുമെന്ന് പോലീസ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിഷേധത്തില്‍ നിന്ന് പിന്മാറണമെന്നും പോലീസ് ആവരോട് ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷകരുടെ സമരം തുടരുകയാണ്. ഇതിന്റെ ഭാഗമായി കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദും നാളെ അരങ്ങേറുന്നുണ്ട്.

Test User: