X
    Categories: Video Stories

മഞ്ഞ കുപ്പായക്കാരുടെ പ്രക്ഷോഭം യൂറോപ്പിന് ‘റഷ്യന്‍ പേടി’

കെ.മൊയ്തീന്‍ കോയ

ഫ്രാന്‍സിനെ പ്രകമ്പനം കൊള്ളിക്കുന്ന ‘മഞ്ഞകുപ്പായ’ക്കാരുടെ പ്രക്ഷോഭത്തിന് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നത് റഷ്യയാണെന്ന സംശയം ബലപ്പെടുന്നു. യൂറോപ്പ് മൊത്തം ‘റഷ്യന്‍പേടി’യിലാണ്. റഷ്യന്‍ കുതന്ത്രം ഏതൊക്കെ രാജ്യങ്ങളില്‍, എങ്ങനെയൊക്കെ? അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ കരങ്ങള്‍ പ്രവര്‍ത്തിച്ചത് രഹസ്യമായാണെങ്കില്‍ ഉക്രൈനിലെ ക്രീമിയ കയ്യടക്കാന്‍ സൈനികര്‍ നേരിട്ട് തന്നെ രംഗത്തിറങ്ങി.
നവംബര്‍ 17ന് ഫ്രഞ്ച് തെരുവുകള്‍ കയ്യടക്കിയ പ്രക്ഷോഭകര്‍ ഇനിയും വീട്ടിലേക്ക് മടങ്ങിയിട്ടില്ല. ഏതെങ്കിലും രാഷ്ട്രീയ, ട്രേഡ് യൂണിയനുകളുടെ പതാകയുമേന്തിയല്ല, പ്രക്ഷോഭം. തികച്ചും അരാഷ്ട്രീയം. അത്‌കൊണ്ട് തന്നെ പ്രക്ഷോഭത്തിന്റെ ‘പ്രഭവ കേന്ദ്ര’ത്തെ കുറിച്ച് അന്വേഷണത്തിലാണ് ഫ്രഞ്ച് സര്‍ക്കാര്‍. നേരത്തെ അമേരിക്കയിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും അരങ്ങ് തകര്‍ത്തതും ‘ആകസ്മിക’മായി രൂപമെടുത്തതുമായ പ്രക്ഷോഭങ്ങള്‍ക്ക് പ്രചോദനം സമൂഹമാധ്യമങ്ങള്‍ തന്നെ. ( കാശ്മീരിലെ ക്വത്‌വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതും സമൂഹമാധ്യമങ്ങളില്‍ വഴി. പ്രഭവകേന്ദ്രം പൊലീസ് അന്വേഷിച്ചപ്പോഴല്ലേ തിരിച്ചറിഞ്ഞത്; സാക്ഷാല്‍ സംഘ്പരിവാര്‍ അജണ്ടയായിരുന്നുവെന്ന്) ഫ്രാന്‍സിലെ സമൂഹ മാധ്യമങ്ങള്‍ക്ക് റഷ്യന്‍ ബന്ധം ഉണ്ട്. 600 ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് റഷ്യന്‍ ബന്ധമുണ്ടെന്ന് ഇതിനകം തെളിഞ്ഞു. 2017 ല്‍ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ റഷ്യന്‍ ഇടപെടല്‍ നടന്നു. പക്ഷേ, ഫലിച്ചില്ല. റഷ്യയിലെ ‘സ്പുട്‌നിക് ‘ ന്യൂസ് വെബ്‌സൈറ്റും റഷ്യന്‍ ടെലിവിഷനും ഈ സംഭവത്തില്‍ ആരോപണ വിധേയരാണ്. ഫ്രഞ്ച് സര്‍ക്കാര്‍ വിരുദ്ധര്‍ക്ക് റഷ്യന്‍ സൈബര്‍ പോരാളികള്‍ തുറന്ന പിന്തുണ നല്‍കുന്നു. അരാജകത്വവും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് ഫ്രഞ്ച് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തുകയാണത്രെ നിഗൂഢ താല്‍പര്യം. ഫ്രാന്‍സില്‍ മാത്രമല്ല റഷ്യന്‍ ഇടപെടല്‍ നടന്നത്. ബ്രിട്ടന്‍, പോളണ്ട്, ബെല്‍ജിയം, കൊസോവോ തുടങ്ങിയ രാജ്യങ്ങളിലും രഹസ്യഇടപെടല്‍ നടന്നുവെങ്കില്‍ ഉക്രൈനില്‍ സൈനിക ഇടപെടല്‍വരെ എത്തി. റഷ്യന്‍ വംശജര്‍ക്ക് സ്വാധീനമുള്ള ക്രീമിയ പ്രവിശ്യ പിടിച്ചടക്കി റഷ്യയുമായി കൂട്ടിച്ചേര്‍ത്തു. റഷ്യയിലെ ‘സ്ലാവ്’ വംശജരുടെ ഗണത്തില്‍ വരുന്ന സെര്‍ബിയക്കാര്‍ക്ക് പിന്തുണ നല്‍കികൊണ്ടാണ് കൊസോവോ (സെര്‍ബിയന്‍ പ്രവിശ്യ) സ്വാതന്ത്ര്യം നേടുന്നത് തടയിടുന്നത്. ഇവിടേക്കും സൈനിക ഇടപെടലിന് അവസരം കാത്തിരിക്കുകയാണ് റഷ്യ. യൂറോപ്പിനെ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപണ സംവിധാനം ഒരുക്കിയിട്ടുമുണ്ട്.
ബ്രിട്ടന്‍ വിട്ടുപോകുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ ഫ്രാന്‍സിന് ഉണ്ടാകുന്ന മേല്‍കൈ തകര്‍ക്കുകയാണത്രെ റഷ്യന്‍ ലക്ഷ്യം. യുവനേതാവായ മാക്രോണ്‍ യൂറോപ്പിന്റെ നേതാവ് ആകുന്നതോടെ കരുത്തനായൊരു എതിരാളിയെ അവര്‍ മുന്നില്‍ കാണുന്നു. ശക്തമായ യൂറോപ്പിന്റെ ഭീഷണി ഒഴിവാക്കാനാണ് റഷ്യ നീങ്ങുന്നത്. അതേസമയം, തുടക്കത്തില്‍ പ്രക്ഷോഭകര്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ മാക്രോണ്‍ സര്‍ക്കാര്‍ അനുവദിച്ചുവെങ്കിലും പുതിയ ആവശ്യങ്ങള്‍ ഉയരുന്നു. ഇന്ധനവില വര്‍ധനവിന് ഇടയാക്കിയ തീരുമാനം പിന്‍വലിച്ചു. കൂലി വര്‍ധന പ്രഖ്യാപിക്കുകയും ചെയ്തു. പ്രക്ഷോഭം തണുക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അവ വീണ്ടും ആളിക്കത്തി. സര്‍ക്കാറിന്റെ തീരുമാനം നടക്കാന്‍ വൈകിയതാണ് വീണ്ടും തെരുവ് യുദ്ധത്തിന് സാഹചര്യം സൃഷ്ടിച്ചത്. മാക്രോണിന്റെ നയസമീപനം സമ്പൂര്‍ണമായും സമ്പന്നര്‍ക്ക് വേണ്ടിയാണെന്ന് ഫ്രഞ്ച് യുവത വിശ്വസിക്കുന്നു. സാമ്പത്തിക പരിഷ്‌കരണങ്ങള്‍ സമ്പന്നര്‍ക്ക് ഒത്താശ നല്‍കുന്നു. നികുതി വര്‍ധന പ്രഖ്യാപിച്ചപ്പോഴും സമ്പന്നര്‍ ഒഴിവായിരുന്നു.
തകര്‍ന്ന സമ്പദ്‌വ്യവസ്ഥയെ പുനരുദ്ധരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കാന്‍ ഇമ്മാനുവല്‍ മാക്രോണിന്റെ സര്‍ക്കാറിന് കഴിഞ്ഞില്ല. തൊഴിലില്ലായ്മ വന്‍തോതില്‍ വര്‍ധിച്ചു. പാരീസ് ഉടമ്പടി ലോക പ്രശസ്തമായെങ്കിലും പരിസ്ഥിതി പ്രശ്‌നപരിഹാരത്തിന് ശ്രമം ഫ്രാന്‍സില്‍ നടക്കാതെ പോയി. വന്‍കിട കോര്‍പറേറ്റുകള്‍ക്ക് ഒപ്പം സര്‍ക്കാര്‍ സഞ്ചരിക്കുമ്പോള്‍ യുവ ഭരണാധികാരിയില്‍ ഫ്രഞ്ച് യുവതയുടെ പ്രതീക്ഷ തകര്‍ന്നു. ഒന്നര വര്‍ഷം മുമ്പ് അധികാരത്തില്‍ വന്ന ഇമ്മാനുവല്‍ മാക്രോണിന്റെ പ്രതിച്ഛായ താഴോട്ട് പോയി. ഫ്രഞ്ച് നഗരങ്ങള്‍ യുദ്ധക്കളമായി. കടകള്‍ കൊള്ളയടിച്ച് സാമൂഹ്യവിരുദ്ധരും അഴിഞ്ഞാടി. അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട ഘട്ടം എത്തിനില്‍ക്കുമ്പോഴും മാക്രോണ്‍ സര്‍ക്കാര്‍ സന്ദര്‍ഭത്തിനനുസരിച്ച് ഉയര്‍ന്നില്ല. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമായിരുന്നു വര്‍ധിപ്പിച്ചത്. ജനുവരിയില്‍ വീണ്ടും വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചതോടെയാണ് തെരുവുകള്‍ യുദ്ധക്കളമായത്. നവംബര്‍ മൂന്നാം വാരം ഒരു ദിവസം 2000 ലേറെ കേന്ദ്രങ്ങളിലാണ് ജനങ്ങള്‍ വാഹനങ്ങള്‍ തടഞ്ഞത്. ലക്ഷക്കണക്കിന് യുവാക്കള്‍ പ്രക്ഷോഭത്തിന് സന്നദ്ധരായിവന്നു. വിപ്ലവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ഫ്രാന്‍സില്‍ കുഴപ്പക്കാര്‍ക്ക് പിന്നില്‍ റഷ്യന്‍ കരങ്ങളുണ്ടെന്ന ആരോപണത്തില്‍ കഴമ്പുണ്ടാകാം. അതിനുള്ള സാഹചര്യം സൃഷ്ടിച്ചത് സര്‍ക്കാര്‍ തന്നെയാണ്.
ഇമ്മാനുവല്‍ മാക്രോണിന്റെ വാചക കസര്‍ത്ത് കൊണ്ട് മാത്രം സ്ഥിതി നിയന്ത്രിക്കാന്‍ സാധ്യമല്ല. മെച്ചപ്പെട്ട സാമ്പത്തിക പരിഷ്‌കരണം പ്രതീക്ഷിച്ചുകൊണ്ടാണ് പരമ്പരാഗത പാര്‍ട്ടികളെ പിന്തള്ളി മാക്രോണിനെ ജനങ്ങള്‍ അധികാരത്തില്‍ കയറ്റിയത്. മാക്രോണിന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത സ്ഥിതിയാണ്. അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപിനും ജര്‍മ്മനിയില്‍ അഞ്ചല മെര്‍ക്കലിനുമെതിരെയുണ്ടായ പ്രക്ഷോഭം പോലെ അല്ല ഫ്രാന്‍സിലെ പ്രക്ഷോഭം. അവിടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളോ ട്രേഡ് യൂണിയനുകളോ ആയിരുന്നു മുന്നിലുണ്ടായിരുന്നത്. ഫ്രാന്‍സില്‍ വര്‍ണ വ്യത്യാസമുണ്ടായിരുന്നില്ല. കൊടിയുടെ നിറവുമുണ്ടായിരുന്നില്ല. മഞ്ഞ ഓവര്‍ കോട്ടും ധരിച്ച് തെരുവുകള്‍ കയ്യടക്കിയ യുവാക്കളുടെ മുന്നേറ്റം, കോര്‍പറേറ്റുകള്‍ക്കും അവയെ സഹായിക്കുന്ന ഭരണാധികാരികള്‍ക്കും എതിരാണ്. ഫ്രാന്‍സില്‍ മാത്രമല്ല, ഏത് രാജ്യത്തേയും കോര്‍പറേറ്റുകള്‍ക്കും ഒത്താശക്കാര്‍ക്കുമുള്ള മുന്നറിയിപ്പ് കൂടിയാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: