X

അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധം തുടരുന്നു; പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം

കൊച്ചി:എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വീണ്ടും സംഘര്‍ഷം. വൈദികരും വിശ്വാസികളും ഗേറ്റ് തള്ളിതുറക്കാൻ ശ്രമിച്ചതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്. പ്രതിഷേധത്തിനിടെ ബിഷപ്പ് ഹൗസിന്‍റെ ഗേറ്റ് തകര്‍ത്തു. പൊലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. വൈദികരെ മുന്നിൽ നിര്‍ത്തിയാണ് പ്രതിഷേധം. ഗേറ്റിൽ കയര്‍ കെട്ടിയശേഷം വലിച്ചുകൊണ്ടാണ് ഗേറ്റിന്‍റെ ഭാഗങ്ങള്‍ നീക്കം ചെയ്തത്. വൈദികരെ കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് വിശ്വാസികള്‍ പ്രതിഷേധം ഉയര്‍ത്തിയത്.

ഗേറ്റിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തകർത്തതോടെ ബിഷപ്പ് ഹൗസിനകത്ത് കയറിയ പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ പൊലീസിന് കഴിഞ്ഞില്ല. രണ്ട് വൈദികർ അകത്തേക്ക് കടന്നു. 21 വിമത വൈദികരെ അകത്തേയ്ക്ക് കയറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.എന്നാൽ അതിന് സമ്മതിക്കില്ല എന്ന നിലപാടിലാണ് പൊലീസ്. അനുവാദം നൽകിയില്ലെങ്കിൽ മതിൽ അടക്കം പൊളിക്കുമെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വൈദികരെ പൊലീസ് ബലം പ്രയോഗിച്ച് സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിക്കുകയാണ്. പൊലീസും പ്രതിഷേധക്കാരും നേര്‍ക്കുനേര്‍ നിൽക്കുകയാണ്. ഗേറ്റ് തകര്‍ത്തെങ്കിലും പ്രതിഷേധക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാതെ പൊലീസ് തടഞ്ഞുനിര്‍ത്തിയിരിക്കുകയാണ്. ചര്‍ച്ച നടത്തുന്നതിനായി രണ്ട് വൈദികരെ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്.

 

webdesk14: