ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.
തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.
പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.
ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.