എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന വേദിയില്‍ പ്രതിഷേധിച്ച രണ്ട് സ്‌കൂളുകള്‍ക്കെതിരെ നടപടി. തിരുന്നാവായ നാവാമുകുന്ദ സ്‌കൂളിനെയും കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്ന് വിലക്കി.
സ്‌കൂള്‍ കലാ-കായിക മേള അലങ്കോലമാക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. കഴിഞ്ഞ കായിക മേളയുടെ സമാപന വേദിയില്‍ അധ്യാപകരും കുട്ടികളും നടത്തിയ പ്രതിഷേധം അന്വേഷിക്കാന്‍ മൂന്നംഗ കമ്മീഷനെ വിദ്യാഭ്യാസ വകുപ്പ് നിയമിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശിപാര്‍ശ അനുസരിച്ചാണ് നടപടി.
എറണാകുളത്തു നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരം ജിവിരാജ സ്‌പോര്‍ട്‌സ് സ്‌കൂളിന് രണ്ടാം സ്ഥാനം നല്‍കിയതായിരുന്നു പ്രതിഷേധത്തിനു വഴിവെച്ചത്. വിദ്യാര്‍ത്ഥികളെ ഇറക്കി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് നടപടി. നാവാ മുകുന്ദാ സ്‌കൂളിലെ മൂന്ന് അധ്യാപകര്‍ക്കും മാര്‍ ബേസിലിലെ രണ്ട് അധ്യാപകര്‍ക്കുമെതിരെ വകുപ്പ് തല നടപടിക്കും ശുപാര്‍ശ ചെയ്തിട്ടുണ്ട്.
സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് നടക്കാനിരിക്കെയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നടപടി.