ജെറുസലേം: 16 വയസുള്ള പെണ്‍കുട്ടിയെ 30 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇസ്രായേലില്‍ പ്രതിഷേധം കനക്കുന്നു. എയ്‌ലെറ്റിലെ ഒരു റിസോര്‍ട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ ഇസ്രായേലിലാകെ പ്രതിഷേധം കത്തിപ്പടരുകയായിരുന്നു.
കഴിഞ്ഞ ആഴ്ച്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം റിസോര്‍ട്ടിലെത്തിയ പെണ്‍കുട്ടിയെ അക്രമികള്‍ ബലമായി ഒരു മുറിയിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ യുവാക്കള്‍ റിസോര്‍ട്ടിലെ മുറിക്ക് പുറത്ത് ക്യൂ നില്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലഹരിമരുന്ന് നല്‍കിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ പീഡന ദൃശ്യങ്ങള്‍ അക്രമികള്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവം തന്നെ ഞെട്ടിച്ചെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇത് പെണ്‍കുട്ടിയോട് ചെയ്ത കുറ്റം മാത്രമല്ല, മനുഷ്യരാശിയോട് തന്നെയുള്ള ഏറ്റവും വലിയ ക്രൂരതയാണ്. അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിക്ക് പിന്നാലെ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ 20നും 30നുമിടയില്‍ പ്രായമുള്ളവരാണ്. ഇവരില്‍ ഒരാളുടെ ഫോണില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. ബാക്കി അക്രമികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു.
ടെല്‍ അവീവ് ഉള്‍പ്പെടെ 30 ഇടങ്ങളില്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഇസ്രായേലില്‍ അഞ്ചില്‍ ഒരു സ്ത്രീ വീതം ബലാത്സംഗത്തിന് ഇരയാവുന്നുവെന്ന് ആക്റ്റിവിസ്റ്റ് ഇലാന വെയ്‌സ്മാന്‍ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് 260 കേസുകളാണ് ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും ഇലാന വിശദീകരിച്ചു. തനിക്ക് ലഭിക്കുന്ന പിന്തുണ കൂടുതല്‍ ശക്തി നല്‍കുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ചിലര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിക്കുന്നുണ്ട്. താന്‍ നേരിട്ട ക്രൂരത എന്തെന്ന് അറിയാതെയാണ് അവര്‍ തന്നെ വിലയിരുത്തുന്നതെന്ന് പെണ്‍കുട്ടി പ്രതികരിച്ചു.