X
    Categories: Video Stories

‘ഇസ്രാഈലില്‍ പോകരുത്…’ സംഗീത ബാന്‍ഡിനെതിരെ ബ്രിട്ടനില്‍ വന്‍ പ്രതിഷേധം

ലണ്ടന്‍: ഇസ്രാഈലില്‍ സംഗീത പരിപാടി നടത്തുമെന്ന് പ്രഖ്യാപിച്ച പ്രമുഖ ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് ‘റേഡിയോഹെഡ്ഡി’നെതിരെ വ്യാപക പ്രതിഷേധം. ഇംഗ്ലണ്ടിലെ ഗ്ലാസ്റ്റന്‍ബറി ഫെസ്റ്റിവലില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് പ്രേക്ഷകരില്‍ ഒരുവിഭാഗം ‘ഫലസ്തീനെ മോചിപ്പിക്കുക’ എന്ന മുദ്രാവാക്യവുമായി പ്രതിഷേധിച്ചത്. ഫലസ്തീന്‍ പതാക വീശിയും ഇസ്രാഈല്‍ വിരുദ്ധ മുദ്രാവാക്യം മുഴക്കിയും ആരാധകര്‍ ബഹളം വെച്ചു.

ജൂലൈ 19-ന് തെല്‍ അവീവില്‍ പരിപാടി അവതരിപ്പിക്കാനുള്ള റേഡിയോഹെഡ്ഡിന്റെ തീരുമാനത്തിനതെിരെ സാംസ്‌കാരിക ലോകത്തുനിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഫലസ്തീന്‍ ജനതയെ തങ്ങളുടെ വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും വെസ്റ്റ്ബാങ്കിലെ അനധികൃത കുടിയേറ്റം അവസാനിപ്പിക്കുകയും ചെയ്യാതെ ഇസ്രാഈലില്‍ പെര്‍ഫോം ചെയ്യില്ലെന്ന് നിരവധി കലാകാരന്മാര്‍ വ്യക്തമാക്കിയിരുന്നു. സംവിധായകന്‍ കെന്‍ ലോച്ച്, അഭിനേതാക്കളായ മാക്‌സീന്‍ പീക്ക്, ജൂലിയറ്റ് സ്റ്റീഫന്‍സന്‍, റോജര്‍ വാട്ടേഴ്‌സ് തുടങ്ങിയവര്‍ റേഡിയോഹെഡ്ഡിന്റെ ഇസ്രാഈല്‍ പരിപാടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനില്‍ ഒപ്പുവെച്ചിട്ടുണ്ട്.

അതേസമയം, തങ്ങള്‍ അധിനിവേശത്തെ അനുകൂലിക്കുന്നില്ലെന്നും എന്നാല്‍ സാംസ്‌കാരിക പരിപാടി നടത്തുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നതെന്നും റേഡിയോഹെഡ്ഡ് തലവന്‍ തോം യോര്‍ക് പറഞ്ഞു. ഇസ്രാഈലിനെതിരെ സാംസ്‌കാരിക ബഹിഷ്‌കരണം വേണ്ടതില്ലെന്ന നോം ചോംസ്‌കി, ജെ.കെ റൗളിങ് തുടങ്ങിയവരുടെ പക്ഷത്താണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഇസ്രാഈലിനെതിരെ പാശ്ചാത്യ സാംസ്‌കാരിക ലോകത്ത് വന്‍ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. റസല്‍ ബാന്‍ഡ്, സെലെന ഗോമസ്, പെനേലോപ് ക്രൂസ്, വൂപ്പി ഗോള്‍ഡ്ബര്‍ഗ്, എമ്മ തോംപ്‌സണ്‍, മാര്‍ക് റുഫാലോ തുടങ്ങിയ നിരവധി അഭിനേതാക്കള്‍ ഫലസ്തീന്‍ അനുകൂല നിലപാടുള്ളവരാണ്. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ് ഇസ്രാഈലിനെതിരായ അക്കാദമിക ബഹിഷ്‌കരണത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ഫുട്‌ബോള്‍ കളിക്കാരായ ജോ ബാര്‍ട്ടന്‍, മരിയോ ബലോട്ടലി തുടങ്ങിയവരും ഫലസ്തീന്‍ അനുകൂല നിലപാട് വ്യക്തമാക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: