തിരുവനന്തപുരം: കെ.കെ രമയെ അധിക്ഷേപിച്ച എം.എം മണിയുടെ നിലാപിനെ സി.പി.എം സംസ്ഥാന നേതൃത്വം പൂര്‍ണമായി പിന്തുണക്കുമ്പോള്‍ വനിതാ മതില്‍ ഉള്‍പെടെയുള്ള നവോത്ഥാന തട്ടിപ്പുകള്‍ ഉയര്‍ത്തിക്കാട്ടി പരക്കെ പ്രതിഷേധം. രമയെ അധിക്ഷേപിച്ചതിനു പിന്നാലെ മുതിര്‍ന്ന സി.പി.ഐ നേതാവ് ആനി രാജക്കുനേരെയും മണി ‘നാട്ടുഭാഷ’ പറഞ്ഞതോടെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
അതേസമയം വിവാദം അതേപടി നിര്‍ത്താന്‍ സി.പി.എം നേതൃത്വം ആഗ്രഹിക്കുന്നത് പോലെയാണ് മണിയുടെ തുടര്‍ന്നുള്ള വാക്കുകള്‍. എന്നാല്‍ ആനിരാജയെ അധിക്ഷേപിച്ച സാഹചര്യത്തില്‍ സി.പി.ഐ എം.എല്‍.എമാരാണ് ആകെ വെട്ടിലായത്. ഇന്ന് നിയമസഭയില്‍ സി.പി.ഐ എന്ത് നിലപാടാകും സ്വീകരിക്കുകയെന്ന് കണ്ടറിയണം.
ഇതിനിടെ വനിതാമതില്‍ സംഘടിപ്പിച്ചതുകൊണ്ട് സ്ത്രീകളുടെ സാമൂഹ്യപദവി ഉയരില്ലെന്നും അവരോട് മാന്യമായി ഇടപെടാനുള്ള സംസ്‌കാരമാണ് സി.പി.എം നേതാക്കള്‍ കാട്ടേണ്ടതെന്നുമുള്ള പോസ്റ്റുകള്‍ കൊണ്ട് സാമൂഹ്യമാധ്യമങ്ങള്‍ നിറയുന്നു. എം.എം മണി പറയുന്ന പ്രധാനകാര്യം കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നിയമസഭയില്‍ മുഖ്യമന്ത്രിക്കെതിരെ രമ മോസം പരാമര്‍ശങ്ങള്‍ നടത്തുന്നെന്നാണ്. എന്നാല്‍ അത്തരം ഏതെങ്കിലുമൊരു പ്രസംഗം എടുത്തുകാട്ടാന്‍ മണിക്കോ സി.പി.എമ്മിനോ ഇനിയും കഴിഞ്ഞിട്ടില്ല. സഭാനടപടികള്‍ പൊതുജനങ്ങള്‍ക്ക് കാണാനുള്ള സംവിധാനമുള്‍പെടെയുള്ള കേരള നിയമസഭയുടെ നടപടികള്‍ എം.എം മണി തെറ്റായി പ്രചരിപ്പിക്കേണ്ടതില്ലെന്നും വിമര്‍ശകര്‍ പറയുന്നു.ആനി രാജയെ വിമര്‍ശിച്ചപ്പോള്‍ സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി അതേ നാണയത്തില്‍ തിരിച്ചടിച്ചത് ഇരു കമ്യൂണിസ്റ്റു പാര്‍ട്ടികളുടെയും നിലവാരം ഒന്നുതന്നെയാണോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്.