ഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകുന്നു. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങി നിരവധി പേര്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തി. ദിഷയെ മോചിപ്പിക്കണമെന്ന് രാജ്യവ്യാപകമായി ആവശ്യമുയരുന്നുണ്ട്.
തോക്കേന്തി നടക്കുന്നവര്‍ നിരായുധയായ ഒരു പെണ്‍കുട്ടിയെ ഭയപ്പെടുന്നെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നിരായുധയായ ഒരു പെണ്‍കുട്ടി ധൈര്യത്തിന്റെ കിരണങ്ങള്‍ പടര്‍ത്തിയിരിക്കുകയാണെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു.
ഇതിനു പിന്നാലെ രാഹുല്‍ ഗാന്ധിയും വിഷയത്തില്‍ പ്രതികരിച്ച് ട്വീറ്റ് ചെയ്തു. ഇന്ത്യ നിശബ്ദമാവില്ലെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. ദിഷ രവിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ഇന്ത്യ അസംബന്ധ നാടകവേദിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് പി. ചിദംബരം പറഞ്ഞു. ദിഷ രവി എന്ന 22 കാരി രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെങ്കില്‍ ഇന്ത്യയുടേത് അത്രത്തോളം ദുര്‍ബലമായ അടിത്തറയായിരിക്കണം. ഇന്ത്യന്‍ അതിര്‍ത്തിയിലേക്കുള്ള ചൈനീസ് സൈന്യത്തിന്റെ അതിക്രമിച്ച് കടക്കലിനേക്കാള്‍ അപകടകരമാണോ കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റ്! ഇന്ത്യ അസംബന്ധ നാടകവേദിയായി മാറിക്കൊണ്ടിരിക്കുന്നു, ചിദംബരം ട്വീറ്റില്‍ പറഞ്ഞു.