തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് പിടിച്ചുലച്ച വിഴിഞ്ഞം സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധം. മൂന്നുമിനിറ്റോളം മുഖ്യമന്ത്രിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനത്തിനു പുറത്തടിച്ചാണ് മല്‍സ്യത്തൊഴിലാളികള്‍ രോഷപ്രകടനം നടത്തിയത്. മുഖ്യമന്ത്രിക്ക് ഔദ്യോഗിക വാഹനത്തില്‍ കയറാനായില്ല. മന്ത്രി കടകംപളളി സുരേന്ദ്രന്റെ കാറിലാണ് മുഖ്യമന്ത്രി മടങ്ങിയത്. പൊലീസ് വലയം തീര്‍ത്താണ് മുഖ്യമന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തിനൊടുവിലാണ് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും ദുരിതമേഖലയില്‍ എത്തിയത്.
ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് മരണസംഖ്യ 28 ആയി. ഇന്ന് 13 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 77പേരെയാണ് ഇന്ന് രക്ഷപെടുത്താനായത്. ഇനിയും 85 പേരെ രക്ഷപെടുത്താനുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. പൂന്തുറയില്‍ നിന്ന് മല്‍സ്യത്തൊഴിലാളികള്‍ ബോട്ടുകളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും ജീവനോടെ എത്തിക്കാനായില്ല. കോസ്റ്റ് ഗാര്‍ഡും നാവികസേനയും ഇപ്പോഴും പുറങ്കടലില്‍ തിരച്ചില്‍ നടത്തുകയാണ്. സംസ്ഥാനത്ത് മഴയും കാറ്റും ശമിച്ചെങ്കിലും ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത മാറ്റമില്ലാതെ തുടരുകയാണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം സ്ഥിതിഗതികള്‍ വിലയിരുത്താനും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനുമായി കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ കന്യാകുമാരിയിലേക്ക് തിരിച്ചു. തിരുവനന്തപുരം വ്യോമസേന വിമാനത്താവളത്തിലെത്തിയ പ്രതിരോധ മന്ത്രി നാളെ മാത്രമാണ് തിരുവനന്തപുരത്തെ ദുരിതബാധിത പ്രദേശത്ത് എത്തുക.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ എയര്‍ഫോഴ്സിന്റെ തിരുവനന്തപുരം ശംഖുമുഖത്തെ ടെക്നിക്കല്‍ ഏരിയയിലാണ് മന്ത്രിയെത്തിയത്. മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍മല സീതാരാമനെ സ്വീകരിച്ചു. രണ്ടു ദിവസമാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം. നാളെ തിരുവനന്തപുരത്തെത്തുന്ന മന്ത്രി ഓഖി ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.
രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ കരസേനയും സജ്ജമായിരിക്കുകയാണെന്നാണ് വിവരം. നിലവില്‍ നാവികസേനയും, വ്യോമസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.