ഭോപാല്‍: മധ്യപ്രദേശില്‍ പ്രളയം നാശം വിതച്ച സ്ഥലം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിനെതിരെ ജനങ്ങളുടെ വന്‍പ്രതിഷേധം. മന്ത്രിയെ വഴിയില്‍ തടഞ്ഞ ജനക്കൂട്ടം കരിങ്കൊടി കാണിച്ചു. ഒപ്പം ചെളി വാരി എറിയുകയും ചെയ്തു. കേന്ദ്രമന്ത്രിയുടെ വാഹനവ്യൂഹത്തെയും നാട്ടുകാര്‍ തടഞ്ഞു.
പ്രളയത്തില്‍ ഷിയോപൂര്‍ മേഖലയില്‍ മാത്രം ആറുപേരാണ് മരിച്ചത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് കേന്ദ്രമന്ത്രിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചത്. പ്രളയ മുന്നറിയിപ്പുകളൊന്നും നല്‍കിയില്ലെന്നും ഇത് ജില്ലാ ഭരണകൂടത്തിന്റെ പിഴവാണെന്നും നാട്ടുകാര്‍ ആരോപിച്ചു.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ എട്ട് ജില്ലകളിലാണ് പ്രളയം നാശം വിതച്ചത്. 24 പേരോളം ഇവിടെ മരിച്ചുവെന്നാണ് വിവരം.