ദേവികുളം എംഎല്‍എ എ.രാജയുടെ തെരഞ്ഞെടുപ്പ് സ്റ്റേയുടെ സമയപരിധി ഹൈക്കോടതി നീട്ടിക്കൊടുക്കാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി ഉടനടി വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളത്തില്‍ ഇതിനുമുമ്പ് സ്റ്റേയുടെ കാലാവധി തീര്‍ന്ന ഉടനേ അംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇടതുപക്ഷ സര്‍ക്കാരുകളുടെ കീഴ്വഴക്കം. എന്നാല്‍ സ്വന്തം മുന്നണിയിലെ ദേവികുളം എംഎല്‍എയ്ക്ക് ഈ കീഴ്വഴക്കം മറന്ന് സംരക്ഷണം നല്കുന്നത് ഇരട്ടത്താപ്പാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.
മാര്‍ച്ച് 20നാണ് ദേവികുളം എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. അദ്ദേഹത്തിന് അനുവദിച്ച 10 ദിവസത്തെ സ്റ്റേയുടെ കാലാവധി മാര്‍ച്ച് 31ന് തീരുകയും കാലാവധി നീട്ടാന്‍ ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ രാജയുടെ നിയമസഭാംഗത്വം ഇല്ലാതായി. സുപ്രീംകോടതി കേസ് പരിഗണനയ്ക്ക് എടുത്തിട്ടുമില്ല.
സ്റ്റേ തീരുന്നതിന്റെ തൊട്ടടുത്ത ദിവസംതന്നെ അംഗത്വം റദ്ദാക്കുന്നതാണ് ഇടതുസര്‍ക്കാരുകളുടെ കാലത്തെ കീഴ്വഴക്കം. 1997ല്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 10.11.1997ല്‍ സ്റ്റേയുടെ സമയപരിധി തീര്‍ന്നതിന്റെ പിറ്റേ ദിവസം 11.11.1997ല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദു ചെയ്ത് നിയമസഭാ സെക്രട്ടറി വിജ്ഞാപനം ഇറക്കുകയും ചെയ്തു. കെ എം ഷാജിയുടെ നിയമസഭാംഗത്വം നിയമസഭാംഗത്വം 9.11.2018ല്‍ ഹൈക്കോടതി അസാധുവായി പ്രഖ്യാപിക്കുകയും 23.11.2018 വരെ സ്റ്റേ നല്കുകയും ചെയ്തിരുന്നു. സ്റ്റേ നീട്ടാതിരുന്ന സാഹചര്യത്തില്‍ അടുത്ത ദിവസം 24.11.2018ല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കി നിയമസഭാ സെക്രട്ടറി വിജ്ഞാപനമിറക്കി. രണ്ടും ഇടതുസര്‍ക്കാരുകളുടെ കാലത്തെ സംഭവങ്ങളാണ്.
വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച കുറ്റത്തിന് എ രാജയ്‌ക്കെതിരേ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് നല്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിനെ ഭയന്ന് നീതി നിര്‍വഹിക്കപ്പെടുന്നില്ല. വ്യാജജാതി സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കുക, രേഖകളില്‍ കൃത്രിമത്വം കാട്ടുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങള്‍ സിപിഎമ്മുകാര്‍ ചെയ്താല്‍ അതു കാണാന്‍ ഇവിടെ സര്‍ക്കാരോ, പോലീസോ മറ്റു സംവിധാനങ്ങളോ ഇല്ലെന്നും നിയമവാഴ്ചയുടെ സമ്പൂര്‍ണ തകര്‍ച്ചയാണിതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.