ലോകം മുഴുക്കെ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ഇതര മതസ്ഥരോട് അദ്ദേഹം സ്വീകരിച്ച നിലപാട് പ്രത്യേക ചിന്തക്ക് വിഷയമാക്കേണ്ടതാണ്. വിശേഷിച്ചും എണ്‍പതു ശതമാനം ഹിന്ദു സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന ഇന്ത്യയില്‍, മുസ്‌ലിംകള്‍ ഉത്കണ്ഠാജനകമായ ഒരു അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പുതിയ സാഹചര്യത്തില്‍. പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ലോക ജനതക്ക് മുഴുവന്‍ മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും കാരുണ്യമായാണ് നിയുക്തനായത്. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍. ദൈവത്തിന്റെ അടിമകള്‍. മാനുഷികതയില്‍ തുല്യര്‍. മനുഷ്യാരംഭം മുതല്‍തന്നെ ദൈവം അവര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കാനായി അവരില്‍നിന്ന് തന്നെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. അദ്ദേഹം ഈ ഭൗതിക ജീവിതത്തിലും മരണാനന്തരമുള്ള ശാശ്വത ജീവിതത്തിലും വിജയവും സൗഭാഗ്യവും ലഭിക്കാനുള്ള ദൈവ നിര്‍ദിഷ്ട സത്യം ജനങ്ങളെ അറിയിച്ചു. ഇഷ്ടമുള്ളവര്‍ക്ക് അത് സ്വീകരിക്കാം; അല്ലാത്തവര്‍ക്ക് നിരസിക്കാം. ദൈവം ആരെയും നിര്‍ബന്ധിക്കുന്നില്ല. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒരേ മതം മാത്രം സ്വീകരിച്ചവരാക്കാമായിരുന്നു. മുഹമ്മദ് നബി ദൈവഗ്രന്ഥമായ ഖുര്‍ആന്‍ മുഖേന ലോകത്തിനുമുമ്പില്‍ പ്രഖ്യാപിച്ച സത്യങ്ങളാണ് ഇവ.
ഈ തത്വങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം ഇതര മതസ്ഥരോട് പെരുമാറിയത്. സ്‌നേഹവും സൗഹാര്‍ദവും കാരുണ്യവും സ്വന്തം മതത്തിന്റെ അനുയായികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉദാരമായി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവവും ഈ തത്വങ്ങളുടെ പ്രയോഗവത്കരണമായിരുന്നു. നബിക്ക് അമുസ്‌ലിംകളോട് ചില യുദ്ധങ്ങള്‍ നടത്തേണ്ടിവന്നു. ഇത് അവര്‍ തന്റെ മതം സ്വീകരിക്കാത്തത് കൊണ്ടല്ല. മറിച്ച് തന്റെ മത പ്രചാരണ സ്വാതന്ത്ര്യം ഉപയോഗിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. അക്രമം നടത്തി, യുദ്ധം ചെയ്തു. അവരെ പ്രതിരോധിക്കാന്‍ അദ്ദേഹം പ്രത്യാക്രമണം നടത്തുകയായിരുന്നു. യുദ്ധത്തിലും അദ്ദേഹം നീതിയുടെ മാര്‍ഗം കൈവെടിഞ്ഞില്ല. ശത്രുവിനെ വഞ്ചിക്കുകയോ അവന്റെ സ്വത്ത് തട്ടിയെടുക്കുകയോ ചെയ്യുന്നതിനെ അദ്ദേഹം വിലക്കി. ഒരു യുദ്ധത്തില്‍ ഒരു അമുസ്‌ലിം രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ നബി വളരെ സങ്കടത്തോടെ അവളെ നോക്കി. ഇവള്‍ യുദ്ധം ചെയ്യുകയില്ലല്ലോ. പിന്നെ എങ്ങനെ ഇവള്‍ വധിക്കപ്പെട്ടു. പ്രവാചകന്‍ സേനാ നായകന്‍ ഖാലിദിനെ വിളിച്ചു ശാസിച്ചു. മറ്റൊരു യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഒരു സ്ത്രീ. അവളുടെ മാറില്‍ നിന്ന് മുലപ്പാല്‍ ഇറ്റിവീഴുന്നു. അവളുടെ കുഞ്ഞിനെ കണ്ടെത്താന്‍ നബി നിര്‍ദേശിച്ചു. അനുയായികള്‍ അപ്രകാരം ചെയ്തു. കുഞ്ഞിനെ അവളുടെ മാറിലേക്ക് വെച്ചുകൊടുത്തു. എന്തൊരു കാരുണ്യം.
നീതിക്ക് മതഭേദമില്ല. മുസ്‌ലിംകള്‍ക്ക് ഒരു നീതി. മറ്റു മതക്കാര്‍ക്ക് വേറൊന്നും. ഈ വിഭജനം നബിക്കില്ല. ‘വിരോധം നീതികേട് പ്രവര്‍ത്തിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്. നീതി പ്രവര്‍ത്തിക്കുക’ – ഈ തത്വമനുസരിച്ചാണ് നബി പ്രവര്‍ത്തിച്ചിരുന്നത്. ഒരു ജൂതന്‍ അയാളുടെ പടയങ്കി ‘തുഅ്മ’ എന്ന മുസ്‌ലിമിന്റെ വശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. മണ്ണ് നീക്കി അതില്‍ മൂടിവെക്കുകയാണ് ചെയ്തത്. പിന്നീട് ‘തുഅ്മ’ അത് പുറത്തെടുത്ത് കൈവശപ്പെടുത്തി. ജൂതന്‍ അത് തിരക്കിവന്നപ്പോള്‍ അത് എവിടെയാണെന്നറിഞ്ഞുകൂടാ എന്നായി തുഅ്മ. പിന്നെ അത് അബൂ മലീല്‍ എന്ന മുസ്‌ലിമിന്റെ വീട്ടില്‍ കണ്ടെത്തി. അവിടെ രഹസ്യമായി കൊണ്ടിട്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അയാള്‍ നബിയെ സമീപിച്ച് ജൂതന്‍ കള്ളം പറയുകയാണെന്ന് പരാതിപ്പെട്ടു. നബിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രഹസ്യം പുറത്തായി. തുഅ്മയെ ‘വഞ്ചകന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉമ്മു ഹാനി എന്ന മുസ്‌ലിം സ്ത്രീ മക്ക വിജയ കാലത്ത് കുറച്ച് അമുസ്‌ലിംകള്‍ക്ക് വീട്ടില്‍ അഭയം നല്‍കി. ഇതറിഞ്ഞ സഹോദരന്‍ അവരെ പിടികൂടാനായി വീട്ടിലെത്തി. ഉമ്മു ഹാനി വാതിലടച്ചു. നബിയെ സമീപിച്ചപ്പോള്‍ അവരുടെ ചെയ്തി അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്.
നിര്‍ബന്ധിച്ചു മതം മാറ്റാന്‍ പാടില്ലെന്ന തത്വം നബി കര്‍ശനമായി പാലിച്ചു. മുമ്പ് കുട്ടികള്‍ ജനിക്കാത്ത ചില അറബി സ്ത്രീകള്‍ അന്നത്തെ രീതിയനുസരിച്ചു തനിക്കൊരു കുട്ടി ജനിച്ചാല്‍ അവനെ യഹൂദ മതത്തില്‍ ചേര്‍ക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. ഇപ്രകാരം പ്രതിജ്ഞയെടുത്ത ഒരു സ്ത്രീ തന്റെ കുട്ടിയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നു നബിയോട് തിരക്കി. അവനെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്നതിനെ അദ്ദേഹം നിരോധിച്ചു. അനീതി അമുസ്‌ലിംകളോടായാല്‍ അതില്‍ പാപത്തിന്റെ ഗൗരവം കുറയുമെന്ന് ചിലര്‍ ധരിക്കുന്നു. എന്നാല്‍ നബി ആ ധാരണയുടെ വേരറുത്തു.
സ്വന്തം കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളില്‍ മുസ്‌ലിം അമുസ്‌ലിം വ്യത്യാസമില്ല. അമുസ്‌ലിംകളായ അയല്‍വാസികള്‍ക്ക് രോഗം വന്നാല്‍ നബി അവരെ സന്ദര്‍ശിച്ചു ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പെരുന്നാള്‍ ദിവസം ഇബ്‌നു ഉമര്‍ തന്റെ ജോലിക്കാരനോട് ബലി മാംസം അമുസ്‌ലിമായ അയല്‍വാസിക്ക് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഒരു അമുസ്‌ലിമിന്റെ കാര്യത്തില്‍ അങ്ങേക്ക് എന്താണ് ഇത്ര താല്‍പര്യമെന്നായി ജോലിക്കാരന്‍. പ്രവാചകന്‍ അക്കാര്യം ഊന്നിപ്പറയാറുണ്ടായിരുന്നു എന്നായി ഇബ്‌നു ഉമര്‍ ഇതിന് നല്‍കിയ വിശദീകരണം. അതുപോലെ മുസ്‌ലിംകളായ മാതാപിതാക്കളോടുള്ള അതേ ബാധ്യതകള്‍ തന്നെ അമുസ്‌ലിംകളോടും പാലിക്കണമെന്ന് നബി ഉപദേശിച്ചു. ഇസ്‌ലാം സ്വീകരിച്ച ഒരു മകളെ കാണാന്‍ മാതാവ് വന്നപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നബിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം അനുമതിയാണ് നല്‍കിയത്. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന വന്‍ അമുസ്‌ലിമാണെങ്കിലും അവന് സഹായം നല്‍കിയാല്‍ പുണ്യം കിട്ടുമെന്നും അത് മാനുഷിക ബാധ്യതയാണെന്നും നബി പഠിപ്പിച്ചു. നബിയെ കഠിനമായി ഉപദ്രവിക്കുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തവരാണല്ലോ മക്കക്കാര്‍. അവര്‍ക്ക് ക്ഷാമം പിടിപെട്ടപ്പോള്‍ നബി മദീനയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ അയച്ചുകൊടുത്തു. സാധു, അനാഥന്‍, ബന്ധിതന്‍ എന്നിവരെ മുസ്‌ലിം, അമുസ്‌ലിം എന്ന് വേര്‍തിരിക്കാതെ സഹായിക്കണമെന്നതാണ് നബിയുടെ ഉപദേശം.
ഇതര മതസ്ഥരുടെ ആരാധനാസ്വാതന്ത്ര്യം നബി അനുവദിച്ചു. എല്ലാവരുടെയും ദേവാലയങ്ങളുടെ പവിത്രത അംഗീകരിക്കുകയും അവക്ക് സംരക്ഷണം നല്‍കുകയും ചെയ്തു. നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബിയെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവരെ പള്ളിയിലാണ് സ്വീകരിച്ചിരുത്തിയത്. അവരുടെ പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ പള്ളിയില്‍ വെച്ചുതന്നെ ആചാരപ്രകാരം കിഴക്കോട്ട് തിരിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കി. അവര്‍ കുരിശ് ധരിച്ചിരുന്നു.
ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹം നബിയുടെ മാതൃക പിന്‍പറ്റിയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാണ് ഇതര മതസ്ഥരോട് പെരുമാറേണ്ടത്. ഇങ്ങോട്ട് വിരോധമുള്ളവരെയും സ്‌നേഹമുള്ളവരായി മാറ്റുന്ന സമീപനം. ഇതാണ് ഖുര്‍ആന്‍ നബിക്ക് നല്‍കിയ നിര്‍ദ്ദേശം. മുസ്‌ലിംകളുടെ അവകാശങ്ങളിലോ മത സംസ്‌കാരമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലോ ഒരു വീട്ടുവീഴ്ചയും കാണിക്കാവതല്ല. ഇവക്ക് നേരെയുള്ള കയ്യേറ്റമുണ്ടായാല്‍ പ്രതിരോധം സമാധാന മാര്‍ഗത്തിലൂടെയായിരിക്കണം. അതിന്റെ ലംഘനം ശത്രുവിനെ സഹായിക്കലാകും. പ്രവാചകന്റെ നിര്‍ദ്ദേശ പ്രകാരം നജ്ജാശി ഭരിക്കുന്ന അമുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹബ്ശ-എത്യോപ്യയിലേക്ക് അഭയാര്‍ത്ഥികളായി പോയ മുസ്‌ലിംകള്‍ ഒരു മാതൃകയാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ രാജാവിനും നാട്ടുകാര്‍ക്കും കൂടുതല്‍ മതിപ്പ് സൃഷ്ടിക്കുന്ന ഒരു സമീപനരീതിയാണ് അവര്‍ സ്വീകരിച്ചത്. അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ രാജാവിനും നാട്ടുകാര്‍ക്കും മതിപ്പ് സൃഷ്ടിക്കാനും പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും കാരണമായി.
- 6 years ago
ചന്ദ്രിക വെബ് ഡെസ്‌ക്
Categories:
Video Stories