ടി.എച്ച് ദാരിമി
മത സംഹിത എന്ന നിലക്ക് ലോകത്തെ അല്‍ഭുതപ്പെടുത്തുന്ന വളര്‍ച്ചയാണ് ഇസ്‌ലാം അടയാളപ്പെടുത്തിയിട്ടുള്ളത് എന്നത് ഒരു വാദമല്ല, വസ്തുതയാണ്. ഇക്കാര്യത്തില്‍ മറ്റു മതങ്ങളൊന്നും ഇസ്‌ലാമോളം വിജയിച്ചതായി കാണുന്നില്ല. നബി തിരുമേനി വരുന്നതിനു പത്തു നൂറ്റാണ്ട്മുമ്പ് ബി.സി ആറാം നൂറ്റാണ്ടില്‍ വന്ന രണ്ട് മതസംഹിതകളെ നാം ഭാരതീയര്‍ക്കറിയാം. ബുദ്ധ മതവും ജൈനമതവും. ഇനി പ്രത്യയശാസ്ത്രങ്ങള്‍ക്കാവട്ടെ കൊമ്പു കുലുക്കിയും മോഹന സ്വപ്‌നങ്ങള്‍ വാരിയെറിഞ്ഞും കഴിഞ്ഞ നൂറ്റാണ്ടില്‍ വന്ന കമ്യൂണിസം ഉദാഹരണമായി ഉണ്ട്. ഇതൊക്കെ അതിന്റെ ആചാര്യന്‍മാര്‍ നന്നായി പ്രബോധനം ചെയ്‌തെങ്കിലും ഇസ്‌ലാമിനോളം വളര്‍ച്ച ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. ഞെട്ടിക്കുന്ന വളര്‍ച്ചയാണ് ഇസ്‌ലാമിന്റേത്. ഇപ്പോള്‍ ലോക ജനസംഖ്യയുടെ 24.1 ശതമാനം പേര്‍ മുസ്‌ലിംകളാണ്. അഥവാ നാലു പേരെയെടുത്താല്‍ അതിലൊന്ന് മുസ്‌ലിമാണ്. ഇത്രയും വലിയ വളര്‍ച്ചയുടെ തുടക്കമറിയാന്‍ അംറ് ബിന്‍ അബസ(റ) എന്ന സ്വഹാബി തുടക്കത്തില്‍ നബിയോട് ചോദിക്കുന്ന ഒരു ചോദ്യം ഓര്‍ത്താല്‍ മതി. ഈ മതത്തില്‍ താങ്കളോടൊപ്പം ആരൊക്കെയുണ്ട് എന്ന ചോദ്യത്തിന് നബി(സ) പറഞ്ഞു. ഒരു സ്വതന്ത്രനും ഒരു അടിമയുംമാത്രം എന്ന്. അവിടെ നിന്നാണ് ഈ വളര്‍ച്ചയുടെ ഗ്രാഫ് തുടങ്ങുന്നത്.
ഏറ്റവും അവസാനത്തെ സ്ഥിതിവിവരക്കണക്കുകള്‍ അനുസരിച്ച് ഐക്യരാഷ്ട്ര സഭ അംഗീകരിച്ച 193 രാജ്യങ്ങളില്‍ 51 എണ്ണം മുസ്‌ലിംകളാണ് ഭരിക്കുന്നത്. അഫ്ഗാനിസ്ഥാന്‍ മുതല്‍ യമന്‍ വരെ അവരുടെ മണ്ണ് നീണ്ടുകിടക്കുന്നു. ബാക്കിയുള്ളതില്‍ പത്തോളം രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ 50 ശതമാനത്തിലധികം വരും. അറേബ്യക്ക് ചുറ്റും ഏതാനും രാജ്യങ്ങളാണ് അവരുടെ മണ്ണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഏഷ്യയുടെ 31 ശതമാനം, മധ്യേഷ്യയുടെ 89 ശതമാനം എന്നിങ്ങനെ ഏഷ്യ കടന്ന് ഉത്തരാഫ്രിക്ക വരെ അവരുടെ 91 ശതമാനം അധിവസിക്കുന്നു. യൂറോപ്പിലാകട്ടെ ആറ് ശതമാനമാണ് അവരുടെ സാന്നിധ്യം. അമേരിക്കന്‍ ഐക്യനാടുകളില്‍ പോലും അവര്‍ ദശാംശം കടന്ന് ഒന്നിനു മുകളിലെത്തിയിരിക്കുന്നു.
ലബനാനിലേതിനേക്കാളും മുസ്‌ലിംകള്‍ ഇപ്പോള്‍ ജര്‍മ്മനിയിലുണ്ടെന്നാണ്. അപ്രകാരം തന്നെ സിറിയയിലുള്ളതിനേക്കാള്‍ അധികം കമ്യൂണിസ്റ്റ് ചൈനയിലും. ഏറ്റവും അധികം മുസ്‌ലിംകള്‍ ഉള്ളത് ഇന്തോനേഷ്യയിലാണെങ്കില്‍ തൊട്ടുപിന്നില്‍ ഇന്ത്യയാണ്. ആരെയും ഞെട്ടിക്കുന്ന ഈ കണക്കുകള്‍ക്കൊപ്പം ചില പ്രവചനങ്ങള്‍ കൂടിയുണ്ട്. അവ ഈ വളര്‍ച്ച സ്ഥിരപ്രതിഭാസമായി നില്‍ക്കുകയും വളരുകയും ചെയ്യുന്നു എന്നാണ്. ഉദാഹരണമായി വാഷിംഗ്ടണിലെ പ്യൂ റിസര്‍ച്ച് ഇന്‍സ്റ്റിറ്യൂട്ടിലെ മിഖായില്‍ ലിപ്കയുടെയും കോണ്‍ട്രാഡ് ഹാക്കെറ്റിന്റെയും സൂക്ഷ്മമായ പഠനം എടുക്കാം. 2017 ലായിരുന്നു ഇവരുടെ പഠനം. 2050 ല്‍ ഇസ്‌ലാം ജനസംഖ്യയുടെ കാര്യത്തില്‍ ഇപ്പോള്‍ 31.5 ശതമാനം വരുന്ന ക്രിസ്ത്യാനിറ്റിക്ക് ഒപ്പമെത്തും എന്നവര്‍ തെളിയിക്കുന്നു. മാത്രമല്ല, 2070 ല്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ മറികടക്കും എന്നും ലോകത്തെ ഏറ്റവും വലിയ മതമായി തീരുമെന്നും അവര്‍ പറയുന്നു. വെറുതെ പറയുകയല്ല. തെളിവുകള്‍ ഉണ്ട്. ഇനി ഈ വളര്‍ച്ച തന്നെ കേവല കാനേഷുമാരിയിലേതല്ല. സാമ്പത്തിക രംഗത്ത് അവരുടെ ജി.ഡി.പി 5.7 ട്രില്യണ്‍ (2016) ആണ്. മാത്രമല്ല എണ്ണ സമ്പന്ന രാജ്യങ്ങളാണ് അവരുടേത്. എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ 13 രാജ്യങ്ങളില്‍ 8 രാജ്യങ്ങള്‍ അവരുടെ അധികാരത്തിലാണ്.
ഇത്രയും വലിയ വളര്‍ച്ചയിലേക്ക് അവര്‍ നീങ്ങിയത് നിരന്തര വൈതരണികള്‍ പിന്നിട്ടാണ്. നാടുവിട്ട് മറ്റൊരിടത്ത് കൂടുകൂട്ടിയാലും അതിനനുവദിക്കില്ല എന്ന് ആക്രോശിച്ച ബദര്‍ മുതല്‍ മുസ്‌ലിമാണെങ്കില്‍ അതിര്‍ത്തി കടന്നെത്തിയവരെ പൊറുപ്പിക്കില്ല എന്നു പറയുന്ന മോദിസം വരെ. കുരിശു യുദ്ധങ്ങള്‍ മുതല്‍ ഒന്നാം ലോക യുദ്ധം വരെ. താടിയുള്ളവന് വിമാനത്തില്‍ വരെ കുത്തു കണ്ണ് കാണേണ്ടിവരുന്നു. അവര്‍ അപരിഷ്‌കൃതരാണ് എന്നതു മുതല്‍ കള്ള് വിളമ്പി മതത്തില്‍ ചേര്‍ക്കുന്നവരാണ് എന്നതുവരെ ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടിവരുന്നു. ഇതിനെല്ലാം ഇടയില്‍ അവര്‍ നിരവധി സാമ്രാജ്യങ്ങള്‍ തന്നെ സ്ഥാപിച്ചു. റാഷിദീ, അമവീ, അബ്ബാസീ, ഫാത്വിമീ, സല്‍ജൂഖി, ഉസ്മാനീ ഖിലാഫത്തുകള്‍. കേവല ജനസംഖ്യാരാഷ്ട്രീയ വളര്‍ച്ചകള്‍ മാത്രമല്ല വൈജ്ഞാനിക വളര്‍ച്ചകളും അവര്‍ നേടി. അല്‍ജിബ്രയും ക്യാമറയും ഗ്ലോബുമെല്ലാം ഉണ്ടാക്കിക്കൊടുത്തവരും അല്‍ ജാബിറിനെയും അവിസന്നയെയും റാസിയെയും ഗസ്സാലിയെയുമെല്ലാം അവര്‍ ലോകത്തിനു സമ്മാനിക്കുകയും ചെയ്തു.
ഇതൊക്കെയുണ്ടായിട്ടെന്താ എന്ന ചോദ്യമുണ്ട് എന്ന് സമ്മതിക്കുന്നു. അതു വേറെ ചര്‍ച്ചയാണ്. ഇവിടെ ഇവ്വിധം ഒരു പ്രബോധനം വിജയിച്ചതിനുപിന്നിലെ രഹസ്യമാണ് ചികയുന്നത്. അത് കേവല പ്രബോധനമായിരിക്കാന്‍ വഴിയില്ല. ആണെങ്കില്‍ മറ്റു മതങ്ങളും പ്രത്യയശാസ്ത്രങ്ങളും എന്തുകൊണ്ട് ഇത്ര വിജയിച്ചില്ല എന്ന ചോദ്യം ഉയരും. അത് പ്രബോധനത്തിന്റെ വേറിട്ട രസതന്ത്രം തന്നെയാണ്. അതാണ് നാം പഠിക്കേണ്ടത്. അത് പഠിക്കുമ്പോള്‍ മുഹമ്മദ് നബി (സ) എങ്ങനെ ലോകത്തിന്റെ ജേതാവായി എന്നു കണ്ടെത്താം. അത് ചുരുക്കത്തില്‍ ഇപ്രകാരമാണ്. ഒന്നാമതായി നബി(സ) പരമമായ സത്യത്തെ സ്വാംശീകരിച്ചു എന്നതാണ്. സത്യം നബി (സ)യുടെ ജീവിതത്തിന്റെ ഉണ്‍മ തന്നെയായിരുന്നു. സത്യസന്ധത ഓരോരുത്തരുടെയും വെറും അര്‍ഥമില്ലാത്ത അവകാശവാദങ്ങളായി മാറിയിരുന്ന ഒരു കാലത്ത് ഈ പ്രവാചകന്റെ സത്യത്തോടുള്ള അഭിവാജ്ഞ ആദ്യം അംഗീകരിച്ചത് ശത്രുക്കളായ ഇരുട്ടിന്റെ ശക്തികള്‍ തന്നെയായിരുന്നു. അതുകൊണ്ടായിരുന്നുവല്ലോ അവര്‍ ആ വ്യക്തിത്വത്തെ അല്‍അമീന്‍ എന്നു വിളിച്ചത്. പില്‍ക്കാലത്ത് റോമിലെ ഹിരാക്ലിയസ് ചക്രവര്‍ത്തി ഈ പ്രവാചകനെ നിരൂപണം ചെയ്യാന്‍ അബൂസുഫ്‌യാനിലൂടെ ചോദ്യങ്ങളില്‍ തൂങ്ങിപ്പിടിച്ച് ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുമ്പോള്‍ അദ്ദേഹം ചോദിക്കുന്നുണ്ട്. നിങ്ങള്‍ അദ്ദേഹം കളവു പറയും എന്ന് സന്ദേഹിക്കുന്നുണ്ടോ?. അതിന് അപ്പോള്‍ ശത്രുവായിരുന്ന അബൂസുഫ്‌യാന്‍ ഒന്നാലോചിക്കുക പോലും ചെയ്യാതെ ഇല്ല എന്ന് മറുപടി നല്‍കുന്നുണ്ട്. അടുത്ത ചോദ്യം അദ്ദേഹം ചതിക്കുമോ എന്നായിരുന്നു. അതിനും ഇല്ല എന്നായിരുന്നു അബൂസുഫ്‌യാന്റെ മറുപടി. അപ്പോള്‍ ശത്രു പക്ഷത്തായിരുന്ന ഒരാള്‍ ഇങ്ങനെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പിന്നെ നബി സത്യത്തെ അവര്‍ ചേര്‍ത്തുപിടിച്ചതിന് മറ്റു തെളിവുകള്‍ തെരയേണ്ടിവരില്ല.
തന്റെ ജീവിതംകൊണ്ട് സ്വാംശീകരിച്ചെടുത്ത ഇതേ സത്യത്തെ മറ്റുള്ളവര്‍ക്ക് സ്‌നേഹത്തോടെ കൈമാറുകയായിരുന്നു രണ്ടാമത്തെ ചുവട്. സ്‌നേഹം ഒരു വികാരമാണ്. രണ്ടെണ്ണത്തിനിടയിലേ അതു രൂപപ്പെടൂ. ഏകപക്ഷീയമായ സ്‌നേഹം വെറുമൊരു ബലപ്രയോഗമായിരിക്കും. അതിനാല്‍ കൊടുക്കുന്നവനും വാങ്ങുന്നവനും സ്വാശീകരിക്കുന്നവനും കൈമാറുന്നവനുമെല്ലാം ഈ മധുരം ഉണ്ടായിരിക്കണം. എവിടെയെങ്കിലും ഒരിടത്ത് അതു മുറിഞ്ഞുപോയാല്‍ അവിടന്നങ്ങോട്ട് മധുരമാണെങ്കിലും സ്‌നേഹം കയ്പ്പായിരിക്കും. ഈ അര്‍ഥങ്ങളെല്ലാം സമ്മേളിച്ച സ്‌നേഹമാണ് നബി(സ) സ്വീകരിച്ചതും അവലംബിച്ചതും പഠിപ്പിച്ചതുമെല്ലാം. അതിനാല്‍ നബി തിരുമേനി(സ) പ്രപഞ്ചത്തിലുള്ള തന്റെ ദൗത്യം നിര്‍വഹിക്കാന്‍ ഉപയോഗപ്പെടുത്തിയ ഒറ്റമൂലി ഈ സ്‌നേഹമായിരുന്നു എന്ന് ഒറ്റവാക്കില്‍ പറയാം. സ്‌നേഹത്തിന്റെ സ്പര്‍ശമില്ലാത്ത ഒന്നും ആ ജീവിതത്തിലുണ്ടായിരുന്നില്ല. സ്‌നേഹം എന്ന വ്യാഖ്യാനത്തിന്റെ പരിധിയില്‍ വരാത്ത ഒന്നും ഉണ്ടായിരുന്നേയില്ല.
വിശ്വാസം, സ്വഭാവം, സമീപനങ്ങള്‍, കടമകള്‍, കടപ്പാടുകള്‍, ബന്ധങ്ങള്‍, ബാധ്യതകള്‍ തുടങ്ങി ഇസ്‌ലാം ഉദ്‌ഘോഷിക്കുന്ന എല്ലാ കാര്യങ്ങളുടെയും അടിത്തറ സ്‌നേഹമാണ്. സ്‌നേഹത്തിന്റെ രൂപത്തിലാണ് ഇസ്‌ലാം മനസ്സുകളിലേക്കും ബന്ധങ്ങളിലേക്കും വീടുകളിലേക്കും കുടുംബങ്ങളിലേക്കും അയല്‍പക്കങ്ങളിലേക്കും അന്യ മതസ്ഥരിലേക്കും ജന്തുജാലങ്ങളിലേക്കും പ്രകൃതിയിലേക്കുപോലും ഇറങ്ങിയത്. സത്യം, സ്‌നേഹം എന്നീ മഹദ് ഗുണങ്ങളെയെല്ലാം ഒരു സദ് വിചാരമായി പരിവര്‍ത്തിപ്പിച്ചെടുത്ത് അത് മൊത്തം മാനുഷ്യകത്തിന്റെ സ്വഭാവമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തിടത്ത് നബി(സ) യുടെ ദൗത്യം മൂന്നാം ഘടത്തിലെത്തി വിജയം അയാളപ്പെടുത്തുന്നു. ഇതാണ് ആ പ്രബോധന രഹസ്യത്തിന്റെ മൂന്നാം രഹസ്യം. അറിവ്, ഓര്‍മ്മ തുടങ്ങിയവ സദാ പിന്തുടരുന്ന ഒരു തിരിച്ചറിവായി മാറുമ്പോള്‍ അത് വിചാരമായി മാറുന്നു. ഇസ്‌ലാം ഈ വിചാരങ്ങളുടെ സമാഹാരമാണ്. ആശയങ്ങള്‍ മനുഷ്യമനസ്സുകളില്‍ പകര്‍ന്ന്‌കൊടുത്ത് അതിനെ ജീവിതത്തിന്റെ അടിസ്ഥാന വിചാരമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതോടെയാണ് കൂട്ടം കൂട്ടമായി ഒഴുകിയെത്തി നിറയുന്ന ഒരു സംഹിതയായി ഇസ്‌ലാം മാറിയത്.