തെലങ്കാനയില്‍ നിയമവിരുദ്ധ ബെറ്റിങ് ആപ്പുകള്‍ പ്രൊമോട്ട് ചെയ്ത സംഭവത്തില്‍ 25 പ്രമുഖ നടന്മാര്‍ക്കെതിരെ കേസ്. പ്രകാശ് രാജ്, വിജയ് ദേവരക്കൊണ്ട, റാണ ദഗ്ഗുബതി തുടങ്ങിയ മുന്‍ നിര താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ വ്യവസായി ഫണീന്ദ്ര ശര്‍മ നല്‍കിയ പരാതിയിലാണ് കേസ്.
ഇന്‍ഫ്‌ലുവന്‍സര്‍മാരും സെലിബ്രിറ്റികളും സമൂഹമാധ്യമങ്ങളില്‍ നിയമവിരുദ്ധമായ ആപ്പുകളും വെബ്സൈറ്റുകളും പ്രൊമോട്ട് ചെയ്യുകയാണെന്നും ഇത്തരം ആപ്പുകളില്‍ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നും എഫ്.ഐ.ആറില്‍ പറയുന്നു. നിധി അഗര്‍വാള്‍, അനന്യ നാഗല്ല, പ്രണീത, സിരി ഹനുമന്തു, ശ്രീമുഖി, വര്‍ഷിണി സൗന്ദര്‍രാജന്‍, വാസന്തി കൃഷ്ണന്‍, ശോഭ ഷെട്ടി, അമൃത ചൗധരി, നയനി പാവനി, നേഹ പത്താന്‍, പാണ്ഡു, പത്മാവതി, ഇമ്രാന്‍ ഖാന്‍, ടേസ്റ്റി തേജ തുടങ്ങിയ താരങ്ങളുടെ പേരുകള്‍ എഫ്.ഐ.ആറിലുണ്ട്.
കേസെടുത്ത വാർത്തയിൽ പ്രതികരണവുമായി നടൻ പ്രകാശ് രാജ് രംഗത്തെത്തി. 2015ലാണ് ഇത്തരം പരസ്യത്തിൽ അഭിനയിച്ചതെന്നും ഇപ്പോൾ അതിൽനിന്നും പൂർണമായി പിന്മാറിയെന്നും നടൻ പറഞ്ഞു. സേ നോ ടു ബെറ്റിങ് ആപ്പ്സ് എന്ന ഹാഷ് ടാഗും നടൻ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.