X

അട്ടിമറി സാധ്യതയില്‍ ഭിന്നശേഷി ഉദ്യോഗസ്ഥ പ്രമോഷന്‍-കെഎന്‍ ആനന്ദ് നാറാത്ത്

നീണ്ട നിയമപോരാട്ടത്തിലൂടെ ഭിന്നശേഷി ഉദ്യോഗസ്ഥര്‍ നേടിയെടുത്ത പ്രമോഷന്‍ സംവരണാവകാശം കേരളത്തില്‍ അട്ടിമറിക്കാന്‍ സാധ്യതയേറെയാണ്. ഇതുസംബന്ധിച്ച് കേരള സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് സംശയമുണര്‍ത്തുന്നത്. ഭിന്നശേഷി വിഭാഗങ്ങള്‍ക്കായി മാത്രം ഒരു നിയമം നിലവില്‍ വരുന്നത് 1995ലെ കേന്ദ്ര സര്‍ക്കാറിന്റെ പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട്വഴിയാണ്. 1997ഫെബ്രുവരി 8ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിലാണ് ആദ്യമായി പ്രമോഷന്‍ മുഖാന്തരം നടത്തപ്പെടുന്ന തസ്തികകളില്‍ മൂന്ന് ശതമാനം ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്നതില്‍ വ്യക്തത വരുത്തുന്നത്. 29.12.2005 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിശദമായ ഓഫീസ് മെമ്മോറാണ്ടത്തിലാണ് പേഴ്‌സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട്1995പ്രകാരം കേന്ദ്രസര്‍ക്കാര്‍/ അനുബന്ധ സ്ഥാപനങ്ങളില്‍ നടക്കുന്ന നിയമനങ്ങളില്‍ മൂന്ന് ശതമാനം ഉദ്യോഗ/ പ്രമോഷന്‍ സംവരണം എങ്ങനെ ലഭ്യമാക്കണം എന്നതിനെക്കുറിച്ച് വിശദമായി വിവരിക്കുന്നത്. ‘നിലവിലെ എല്ലാ ഉത്തരവുകളെയും ഈ ഉത്തരവ് മറികടക്കും’ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ഉത്തരവാണിത്. കേന്ദ്രസര്‍ക്കാര്‍ ഈ രീതിയില്‍ ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചുവെങ്കിലും മിക്ക വകുപ്പുകളും അനുബന്ധ സ്ഥാപനങ്ങളും ഈ വ്യവസ്ഥ പാലിച്ച് നിയമനം നടത്തിയിരുന്നില്ല.

ഇതേതുടര്‍ന്ന് നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്റ് സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി വിധിയില്‍ കേന്ദ്രസര്‍ക്കാറിന്റെ നിലവിലെ ഭിന്നശേഷി ഉദ്യാഗ നിയമത്തില്‍ ആവശ്യമായ തിരുത്തലുകള്‍ ഉള്‍ക്കൊള്ളിച്ച് ഓഫീസ് മെമ്മോറാണ്ടം അടിയന്തരമായി പുറത്തിറക്കണമെന്ന് നിര്‍ദേശമുണ്ടായി. പിഡബ്ല്യുഡി ആക്ട് നിലവില്‍ വന്ന1996മുതല്‍ നിയമനങ്ങളുടെ മൂന്ന് ശതമാനം കണ്ടെത്തി മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാറുകളോടും നിര്‍ദേശം നല്‍കി. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഓഫീസ് മെമ്മോറാണ്ടം പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഈ ഉത്തരവ് പാലിക്കപ്പെട്ടില്ല അതോടൊപ്പം പ്രമോഷന്‍ തസ്തിക നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം പാലിക്കണമെന്ന വ്യവസ്ഥ നടപ്പില്‍ വരുത്തുവാന്‍ മിക്ക പൊതുമേഖല സ്ഥാപനങ്ങളും, സംസ്ഥാന സര്‍ക്കാരുകളും വിമുഖത കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ഉള്‍പ്പെടെ 19ഓളം സംസ്ഥാന സര്‍ക്കാരുകള്‍ നിയമം പ്രബല്യത്തില്‍ വരുത്തിയെങ്കിലും കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതുവരെ പ്രാബല്യത്തില്‍ വരുത്തിയിട്ടില്ല. സിവില്‍ അപ്പീല്‍ നമ്പര്‍ 59 ഓഫ്2021സ്റ്റേറ്റ് ഓഫ് കേരള വേഴ്‌സസ് ലിസമ്മ ജോസഫ്, കേരള ഹൈക്കോടതി പ്രമോഷന്‍ സംവരണം ലഭ്യമാക്കണമെന്ന് വിധി നല്‍കിയതിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ്. എന്നാല്‍ സുപ്രീം കോടതി ഈ അപ്പീല്‍ തള്ളുകയും, പ്രമോഷന്‍ തസ്തിക മൂന്ന് മാസത്തിനകം കണ്ടെത്തി നിയമനം നല്‍കണമെന്ന വ്യക്തമായ ഉത്തരവാണ് തനല്‍കിയത്.

ഹൈ കോര്‍ട്ട് ഓഫ് കേരള ഡബ്ലിയു പിസി നമ്പര്‍12189ഓഫ്2015 2ജൂണ്‍2021ജി സുധാകരന്റെ ഗവണ്‍മെന്റ് ഓഫ് കേരള എന്ന കേസിലും സമാനമായ വിധിയാണ് ഉണ്ടായത്.എന്നാല്‍ കേരള സര്‍ക്കാര്‍ നിലവില്‍ എന്‍ട്രി കേഡറില്‍ നാലു ശതമാനം അനുയോജ്യ തസ്തികകള്‍ പോലും പൂര്‍ണമായി കണ്ടെത്തി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. മറിച്ച് 15.07.2022ലെ കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഉത്തരവ് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുള്ളതാണെന്ന പരാതി ഉയര്‍ന്നിരിക്കുന്നു. കാരണം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ ചില വ്യവസ്ഥകള്‍ മാത്രമേ ഈ ഉത്തരവില്‍ ഉള്‍പ്പെടുത്തിയുള്ളൂ. സുപ്രീം കോടതി വിധിയില്‍ വ്യക്തമായി പറയുന്ന തസ്തിക കണ്ടെത്തല്‍ വിജ്ഞാപനം ഇതുവരെ പുറപ്പെടുവിച്ചിട്ടുമില്ല. കേന്ദ്ര ഓഫീസ് മെമ്മോറാണ്ടം നിഷ്‌കര്‍ഷിക്കുന്ന 10 മുതല്‍ 17 വരെയുള്ള വ്യവസ്ഥകള്‍ കേരള സര്‍ക്കാര്‍ ഉത്തരവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഹോറിസോണ്ടല്‍ റിസര്‍വേഷന്‍, ഓരോ വിഭാഗത്തിന്റെയും നിയമന ടേണുകള്‍ എന്നിവയും പരാമര്‍ശിക്കപ്പെടുന്നില്ല. എന്ന് മുതലാണ് സംവരണം നടപ്പിലാക്കേണ്ടതെന്നും ഉത്തരവിലില്ല. പ്രമോഷന്‍ സംവരണം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്ത ലെയ്‌സണ്‍ ഓഫീസര്‍ നിയമനത്തെ കുറിച്ചും കേരള സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. വകുപ്പ് തല പരീക്ഷ ഉള്‍പ്പെടെ ഇളവുകള്‍ നല്‍കണം എന്ന വ്യവസ്ഥയും ഒഴിവാക്കി. ഈ സാഹചര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുനര്‍ പ്രസിദ്ധീകരിക്കണം. എങ്കില്‍ മാത്രമെ ഭിന്നശേഷി അവകാശ സംരക്ഷണ നിയമത്തിന്റെ അന്തസത്ത ചോര്‍ന്നുപോകാതെ വ്യക്തമായ ഭിന്നശേഷി പ്രാതിനിധ്യം ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ.

(അധ്യാപകനും ഡിഫറന്റ്‌ലി ഏബ്ള്‍ഡ്
എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാണ് ലേഖകന്‍)

Chandrika Web: