X
    Categories: MoreViews

അറബി അധ്യാപകര്‍ക്ക് ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ നല്‍കണം: പ്രതിപക്ഷ നേതാവ്

 

കൊച്ചി: അറബി അധ്യാപകര്‍ അറബിഭാഷ മാത്രം വശമുള്ളവര്‍ അല്ലെന്നും പല ഭാഷകളും കൈകാര്യം ചെയ്യുവാനുള്ള പ്രാവീണ്യവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരാണെന്നും ഏത് സ്ഥാപനത്തെയും നയിക്കാന്‍ യോഗ്യരുമായ അവരെ ഹെഡ്മാസ്റ്റര്‍ പ്രൊമോഷന്‍ തസ്തികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
അറബി ഉള്‍പ്പെടെ ഭാഷാ അധ്യാപകരുടെ ന്യായമായ ഏതാവശ്യങ്ങളും ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തി സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുക്കാന്‍ അറബി അധ്യാപകര്‍ക്കൊപ്പം താനുമുണ്ടാകുമെന്ന് ചടങ്ങില്‍ സന്നിഹിതനായിരുന്ന തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രനും ഉറപ്പുനല്‍കി.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ അറുപതാമത് വാര്‍ഷിക വജ്രജൂബിലി സമ്മേളനം എറണാകുളം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. സംസ്ഥാന പ്രസിഡന്റ് എ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി സി. അബ്ദുല്‍ അസീസ് എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടി പറഞ്ഞ പ്രതിപക്ഷ നേതാവ് മന്ത്രിയുടെ സാന്നിധ്യത്തില്‍ മറ്റ് രാഷ്ട്രീയ പ്രശ്‌നങ്ങളിലേക്ക് കടക്കുന്നില്ലെന്ന് അറിയിച്ചു.
കേരളത്തില്‍ വിവിധ ഭാഷകള്‍ക്ക് അവയുടെ പരിപോഷണത്തിനും ഗവേഷണത്തിനുമായി സര്‍വകലാശാലകള്‍ സ്ഥാപിച്ചതുപോലെ അറബിക് സര്‍വകലാശാലയും സ്ഥാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ സര്‍ക്കാര്‍ അറബിക് സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം സജീവമായി പരിഗണിച്ചിരുന്നു.
വേഴാമ്പല്‍ മഴ കാത്തിരിക്കുംപോലെ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ നിയമനത്തിനായി കാത്തിരിക്കയാണെന്നും അറബി ഭാഷാ അധ്യാപകരുടെ കുറവുകള്‍ നികത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ഭാഷാ അധ്യാപകരുടെ പ്രൊമോഷനും അവസരങ്ങളും കുറക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. അറബി ഭാഷയുടെ പ്രാധാന്യം മനസിലാക്കി അവയുടെ പ്രചാരം പരമാവധി ഏറ്റെടുക്കേണ്ടതുണ്ട്. പ്രാചീന കേരളക്കരയില്‍ നൂറ്റാണ്ടു മുമ്പേ രാജഭരണകാലം തൊട്ടേ അറബ് നാടുകളും അറബികളുമായി വാണിജ്യ വ്യാപാര ബന്ധമുണ്ട്. അവരുമായി സംവാദിക്കാന്‍ അറബി ഭാഷ ഉപയോഗിച്ചു. കൊടുങ്ങല്ലൂര്‍ മുസ്‌രിസ് വഴിയാണ് ഈ വാണിജ്യ തീരത്ത് അവര്‍ എത്തിയത്. അറബി മലയാളം എന്ന ഭാഷക്ക് തന്നെ ഇത് പിന്നീട് കാരണമായി. അറബിഭാഷയുടെ സംരക്ഷണത്തിനായി സി.എച്ച് മുഹമ്മദ് കോയ ഉള്‍പ്പെടെ ഭരണാധികാരികള്‍ കൈകൊണ്ട നിലപാടുകള്‍ സുവിതിദമാണ്. ഭാഷാ സമര ചരിത്രത്തില്‍ മുസ്‌ലിം യൂത്ത് ലീഗിന്റെ മൂന്ന് യുവാക്കള്‍ക്ക് ജീവന്‍പോലും വെടിയേണ്ടി വന്നു. അറബിക് അധ്യാപകരെ അവഗണിച്ച് ഒരു സര്‍ക്കാരിനും മുന്നോട്ടുപോകാനാകില്ല – രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ എം. സ്വലാഹുദ്ദീന്‍ മദനി അധ്യക്ഷത വഹിച്ചു. കെ.എം.ഇ.എ ജനറല്‍ സെക്രട്ടറി റിയാസ് അഹമ്മദിന് ആദ്യകോപ്പി നല്‍കി അന്‍വര്‍ സാദത്ത് എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്തു. കണ്‍വീനര്‍ പി.എ. അബ്ദുസലാം ഇസ്‌ലാഹി, സെക്രട്ടറി പി. മൂസക്കുട്ടി, കണ്‍വീനര്‍ എസ്. സക്കീര്‍ ഹുസൈന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അന്‍സാര്‍ മുണ്ടാട്ട് സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ് അവാര്‍ഡ്ദാനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഇ. അബ്ദുല്‍ റഷീദ് പ്രമേയം വിശദീകരിച്ചു. പി. മുഹമ്മദലി, ഹബീബ് മദനി, എം.എച്ച് മൊയ്തീന്‍കുട്ടി, കെ.കെ. അബ്ദുല്ല പ്രസംഗിച്ചു. തലമുറ സംഗമവും എന്‍.കെ. അനുസ്മരണ സമ്മേളനവും തുറമുഖ വകുപ്പുമന്ത്രി രാമചന്ദ്രന്‍ കടന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു. മുന്‍ സെക്രട്ടറി കെ. മോയിന്‍കുട്ടി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.ടി. കുഞ്ഞയമ്മു, ഒ.എം. അസീസ്, എം. സെയ്ഫുദ്ദീന്‍കുഞ്ഞ്, കക്കാട് അബ്ദുല്ല മൗലവി, എം.എ. ലത്തീഫ് പ്രസംഗിച്ചു.

chandrika: