യാങ്കൂണ്‍: മ്യാന്മറില്‍ മനുഷ്യവകാശ ധ്വംസനങ്ങള്‍ തുടരാനും അധികാരത്തില്‍ തുടരാനും പട്ടാള ഭരണകൂടത്തെ സഹായിക്കുന്നത് ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ ഉറച്ച പിന്തുണയാണെന്ന് അന്താരാഷ്ട്ര പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട്. ആസിയാന്‍ മനുഷ്യാവകാശ പാര്‍ലമെന്റേറിയന്‍ സമിതിയുടെ സഹകരണത്തോടെ എട്ടംഗ സംഘമാണ് അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കിയത്.
മ്യാന്മറില്‍ സമാധാനം ഉറപ്പുവരുത്താനുള്ള ആസിയാന്‍ പദ്ധതി ഉപേക്ഷിക്കാന്‍ സമയമായെന്നും ജനാധിപത്യ പ്രവര്‍ത്തകരെ ശക്തിപ്പെടുത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്നും സംഘം നിര്‍ദേശിച്ചു. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ ഐക്യ നിഴല്‍ സര്‍ക്കാറിനെ അന്താരാഷ്ട്ര സമൂഹം എത്രയും പെട്ടെന്ന് അംഗീകരിക്കണം.
ചൈനയുടെയും റഷ്യയുടെ പിന്തുണ പ്രത്യേകിച്ചും മ്യാന്മറിലെ പട്ടാള ഭരണകൂടത്തിന് ധൈര്യം പകരുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് ആങ് സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. പ്രതിഷേധങ്ങളെ ഭീകരമായി അടിച്ചമര്‍ത്തുകയാണ്. അക്രമങ്ങളെത്തുടര്‍ന്ന് 12 ലക്ഷം പേരാണ് രാജ്യത്ത് അരക്ഷിതരായി കഴിയുന്നത്. രാഷ്ട്രീയ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് 15,000ഓളം പേരെ ജയിലിലടച്ചു. 2371 പേര്‍ കൊല്ലപ്പെട്ടു.