തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിവിധ ജിലകളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ സംസ്ഥാനത്ത് പൂര്‍ണ്ണമായി നടപ്പാക്കുന്നു. ഇന്നു മുതൽ ഒക്ടോബർ 31 വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പൊതു സ്ഥലങ്ങളില്‍ അഞ്ചിലധികം പേര്‍ കൂട്ടം ചേരാന്‍ പാടില്ല.
അതേസമയം പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പത്തു ജില്ലകളിലെയും കലക്ടര്‍മാര്‍ ഇതു സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കണ്ടെയ്ന്‍മെന്റ് സോണിനകത്തോ പുറത്തോ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് വിലക്കി. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. കടകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കും. പരീക്ഷകള്‍ നടത്തുന്നതിനും വിലക്കില്ല.
മരണാനന്തര ചടങ്ങുകള്‍, വിവാഹം തുടങ്ങിയവയ്ക്ക് കര്‍ശനമായ വ്യവസ്ഥകളോട് കൂടി ആളുകള്‍ക്ക് പങ്കെടുക്കാം. മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും വിവാഹത്തിന് 50 പേര്‍ക്കും പങ്കെടുക്കാം. സര്‍ക്കാര്‍, മത രാഷ്ട്രീയ സംഘടനകളുടെ പരിപാടികളില്‍ 20 പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കാന്‍ പാടില്ല.
തദ്ദേശ ഭരണ സ്ഥാപനങ്ങളും പൊലീസ് സംവിധാനവും ചേര്‍ന്ന് നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു ഉറപ്പു വരുത്തും. കടകള്‍ക്കു മുമ്പില്‍ കൂട്ടം കൂടി നിന്നാലും നിയമലംഘനം നടത്തിയതിനുള്ള നടപടികള്‍ നേരിടേണ്ടി വരും