X

മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ ഇനി പ്രൊഫഷണല്‍ ഉപദേഷ്ടാക്കളും

തിരുവന്തപുരം: നിലവിലുള്ള ഉപദേഷ്ടാക്കള്‍ക്ക് പുറമെ മുഖ്യമന്ത്രിയെ ഉപദേശിക്കാന്‍ പ്രൊഫഷണല്‍ ഉപദേഷ്ടാക്കളെ കൂടി നിയമിക്കാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഐടി മേഖലയില്‍ വികസനവും കൂടുതല്‍ നിക്ഷേപവും ഉറപ്പു വരുത്താനായി പ്രൊഫഷണലുകളുടെ സംഘത്തിന് രൂപം നല്‍കാനാണ് നീക്കം. ഐടി രംഗത്ത് മുഖ്യമന്ത്രിയെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആറംഗ സംഘത്തെ നിയമിക്കാനാണ് ഹൈ പവര്‍ ഐടി കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്. ചീഫ് മിനിസ്റ്റേഴ്‌സ് ഫെലോ എന്നായിരിക്കും ഇവര്‍ അറിയപ്പെടുക.

രാജ്യത്തിനകത്തും പുറത്തും നിന്നുള്ള മുന്‍നിര സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ മാനേജ്‌മെന്റ് വിദഗ്ദ്ധരെയാണ് ഈ സംഘത്തില്‍ ഉള്‍പ്പെടുത്താനായി സര്‍ക്കാര്‍ പരിഗണിക്കുന്നത്. മാനേജ്‌മെന്റ് മികവിന്റെ അടിസ്ഥാനത്തിലായിരിക്കും ഇവരെ നിയമിക്കുക. ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്‌മെന്റ്ില്‍ ബിരുദാനന്തര ബിരുദം നേടിയ യുവാക്കള്‍ക്ക് ഇതിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ക്ക് കോര്‍പറേറ്റ് കമ്പനികളിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ആയി കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണം. 40 വയസ്സാണ് പ്രായ പരിധി.

രാഷ്ടീയ-മാധ്യമ-സാമ്പത്തിക ഉപദേഷ്ടാക്കള്‍ക്കളുള്‍പ്പടെ ഏഴ് ഉപദേശികളാണ് മുഖ്യമന്ത്രിയെ സഹായിക്കാനായി നിലവിലുള്ളത്. ഇതിനു പുറമേയാണ് പുതിയ ഉപദേശി സംഘം വരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ പ്രൊഫഷണലാക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമനത്തിന് പിന്നിലുള്ളതെന്നാണ് സര്‍ക്കാറിന്റെ അവകാശവാദം.

chandrika: