മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു.മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി.അവധി ദിനമായ ശനിയാഴ്ച പ്രത്യേക സിറ്റിങ് നടത്തിയാണ് ജസ്റ്റിസ് എംആര്‍ ഷാ, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച്, ഹര്‍ജി പരിഗണിച്ചത്.
കേസിന്റെ മെരിറ്റ് പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എം.ആര്‍. ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. ഗുരുതര കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സമൂഹത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും എതിരെയാണ് കുറ്റങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച കേസില്‍ ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ജി.എന്‍. സായിബാബയെ കഴിഞ്ഞ ദിവസമാണ് കുറ്റവിമുക്തനാക്കിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ഉത്തരവിട്ടിരുന്നത്. അദ്ദേഹത്തെ ഉടന്‍ ജയില്‍ മോചിതനാക്കാനും കോടതി നിര്‍ദേശിച്ചു. 2017ല്‍ വിചാരണക്കോടതി സായിബാബയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇത് ചോദ്യം ചെയ്തുള്ള അപ്പീലിലാണ് ഹൈക്കോടതി അദ്ദേഹത്തെ വെറുതെവിട്ടത്.
ജസ്റ്റിസുമാരായ രോഹിത് ദിയോ, അനില്‍ പന്‍സാരെ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ശാരീരിക അവശതയെ തുടര്‍ന്ന് വീല്‍ചെയറിലായ സായിബാബ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. കേസില്‍ വിചാരണക്കോടതി കുറ്റക്കാരായി കണ്ടെത്തിയ മറ്റു അഞ്ചുപേരെയും ഹൈക്കോടതി വെറുതെവിട്ടു. ഇതില്‍ ഒരാള്‍ വിചാരണക്കിടെ ജയിലില്‍ മരിച്ചിരുന്നു.
ഇവര്‍ മറ്റേതെങ്കിലും കേസുകളില്‍ പ്രതികളല്ലെങ്കില്‍ ഉടന്‍ ജയില്‍ മോചിതരാക്കണമെന്നാണ് കോടതി നിര്‍ദേശം. മാവോയിസ്റ്റ് ബന്ധവും രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും ചുമത്തിയ കേസില്‍ സായിബാബയും ഒരു മാധ്യമ പ്രവര്‍ത്തകനും ജെഎന്‍യു വിദ്യാര്‍ഥിയും ഉള്‍പ്പടെയുള്ളവരെ 2017ല്‍ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു.