കെ.എസ് മുസ്തഫ
വയനാട്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയുടെ ഹരിതാഭയാണ് എം.എസ്.എഫെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊ. കാദര്‍ മൊയ്തീന്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യം ഭീഷണി നേരിടുന്ന കാലത്ത് യഥാര്‍ത്ഥ ഇന്ത്യയെ പുനര്‍നിര്‍മ്മിക്കാനുള്ള വിദ്യാഭ്യാസമുന്നേറ്റത്തിന് എം.എസ്.എഫ് നേതൃത്വം വഹിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന് ദിവസമായി കൂളിവയല്‍ സൈന്‍ എച്ച്.ആര്‍.ഡി സെന്ററില്‍ നടന്നുവരുന്ന എം.എസ്.എഫ് ദേശീയ നേതൃ ക്യാമ്പ് റഹബര്‍ സമ്മിറ്റിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളത്തെ സമൂഹത്തിന് നേതൃത്വം വഹിക്കേണ്ടത് എം.എസ്.എഫാണ്.
സമുദായത്തെ വിദ്യാഭ്യാസവല്‍ക്കരിക്കേണ്ട ദൗത്യം എം.എസ്.എഫ് ഏറ്റെടുക്കണം. സമൂഹത്തിനും രാജ്യത്തിനും വെളിച്ചമാവാന്‍ കഴിയണം. രാജ്യത്തെ ഓരോ ഗ്രാമങ്ങളിലും മുസ്‌ലിം ലീഗിന്റെ പ്രൗഢമായ രാഷ്ട്രീയസാന്നിധ്യം ഉറപ്പാക്കാനും എം.എസ്.എഫിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് മുസ്‌ലിം എന്ന പേരുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത് മുസ്‌ലിം ലീഗ് മാത്രമാണ്. ഒരു കയ്യില്‍ ഭരണഘടനയും മറുകയ്യില്‍ വിശുദ്ധ ഖുര്‍ആനുമായിട്ടായിരിക്കണം നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനം. ഒരു സമൂഹത്തെ നേരായി നയിച്ച് സംഘ്പരിവാര്‍ കെടുത്തിക്കളഞ്ഞ രാജ്യത്തിന്റെ പ്രഭ തിരിച്ച് കൊണ്ടുവരാന്‍ മുസ്‌ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മുഴുവന്‍ സംസ്ഥാനങ്ങളിലെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കുന്ന എം.എസ്.എഫ് സമ്മേളനങ്ങള്‍ കണ്ട് ഡല്‍ഹി ഞെട്ടണം. മുസ്‌ലിം ലീഗിന്റെ നിലവിലെ പ്രധാന നേതാക്കളൊക്കെ എം.എസ്.എഫിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയവരാണ്. ഇന്നത്തെ എം.എസ്.എഫുകാരാണ് നാളെ മുസ്‌ലിംഗിനെ നയിക്കേണ്ടത്. സമുദായത്തെയും രാജ്യത്തെയും നയിക്കാന്‍ പ്രാപ്തമായ നേതൃത്വമായി എം.എസ്.എഫ് മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി. അഷ്‌റഫലി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷദ് കൂടല്ലൂര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് വയനാട് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, എം.എസ്.എഫ് ദേശീയ ഭാരവാഹികളായ ശമീര്‍ ഇ, എന്‍. എ കരീം, അല്‍ അമീന്‍ വെല്ലൂര്‍, അതീബ് ഖാന്‍ ദല്‍ഹി, മുഹമ്മദ് ഫൈസാന്‍ ചെന്നൈ, മന്‍സൂര്‍ ഹുദവി, അഹമ്മദ് സാജു, കേരള സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.വി നവാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.