ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഒരു അധ്യാപകന്‍ മലയാളി വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് നടത്തിയ നിരുത്തരവാദപരവും ദുരുപദിഷ്ടവും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമായ പ്രസ്താവന അക്കാദമിക സമൂഹത്തിലേക്കും ഫാസിസ്റ്റ് മനോഭാവം പടര്‍ത്താനുള്ള കൊണ്ടുപിടിച്ച നീക്കത്തിന്റെ ഭാഗമെന്ന് മലപ്പുറം ലോകസഭ എംപി അബദുസമദ് സമദാനി.
ഇത് പണ്ടുകാലം മുതല്‍ ചിലര്‍ പുലര്‍ത്തിപ്പോന്ന മലയാളി വിരുദ്ധ മനസ്സിന്റെ പ്രകടനം കൂടിയാണ്. ഇത്തരം വിഷലിപ്ത പ്രവണതകള്‍ക്കെതിരെ അക്കാദമിക സമൂഹം മാത്രമല്ല മുഴുവന്‍ മതേതര സമൂഹവും ജാഗ്രത പുലര്‍ത്തണം.ഈ പ്രസ്താവന വിദ്യാര്‍ത്ഥികളെയും കഠിനാധ്വാനത്തിലൂടെ അവര്‍ നേടിയെടുക്കുന്ന മികവിനെയും സര്‍വ്വോപരി അവരുടെ വിദ്യാര്‍ത്ഥിത്വത്തെ തന്നെയും അധിക്ഷേപിക്കുന്നതിനു സമമാണ്.
പ്രബുദ്ധ കേരളത്തിന്റെ കലാശാലകളെയും സര്‍വ്വകലാശാലളെയും ഇവിടുത്തെ പരീക്ഷാസംവിധാനത്തെ തന്നെയും അപഹസിക്കുന്നതും കൂടിയാണ് സമദാനി കൂട്ടിചേര്‍ത്തു.
യൂറോപ്പിലും അമേരിക്കയിലും അടക്കമുള്ള വിവിധ വിദേശ സര്‍വ്വകലാശാലകളിലെ മികവുറ്റ ഗവേഷണ വിഭാഗങ്ങളിലേക്കും ഉന്നത ഉദ്യോഗങ്ങളിലേക്കും മലയാളി വിദ്യാര്‍ഥികള്‍ വിപുലമായി തെരഞ്ഞെടുക്കപ്പെടുന്നതും അനര്‍ഹമായി ലഭിച്ച മാര്‍ക്കിന്റെ പിന്‍ബലത്തിലാണോ എന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ വ്യക്തമാക്കേണ്ടതുണ്ട്. ഇത്തരം വിപരീത വികല്പങ്ങള്‍ക്കുള്ള മറുപടി വിദ്യാഭ്യാസത്തിന്റെ ദേശീയഭൂപടത്തില്‍ സ്വന്തം മികവ് അടയാളപ്പെടുത്തിക്കൊണ്ട് മുന്നേറുന്ന നമ്മുടെ ഇളം തലമുറയുടെ ബുദ്ധിനിലവാരം തന്നെ നല്‍കും. ഇത്തരം അധമത്വങ്ങള്‍ക്ക് കാലം പോലും മാപ്പ് നല്‍കുകയുമില്ല സമദാനി ഫെയ്‌സ്്ബുക്കില്‍ കുറിച്ചു.
അതെ സമയം മലയാളി വിദ്യാര്‍ത്ഥികളുടെ പ്രവേശനം സംബന്ധിച്ച ദില്ലി സര്‍വകലാശാലയിലെ അധ്യാപകന്റെ വിവാദ പ്രസ്താവനയില്‍ വ്യാപക പ്രതിഷേധത്തിനു വഴി വെച്ചിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് അധ്യാപകന്‍ മാപ്പ് പറയണമെന്ന് മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. പ്രബുദ്ധമായ കേരളത്തെ മുഴുവനായാണ് അധ്യാപകന്‍ അപമാനിച്ചത്. അദ്ധ്യാപകര്‍ കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ്. എന്നാല്‍ ഒരു അദ്ധ്യാപകന്‍ നാടിന് നാശം വിതറുന്ന രീതിയില്‍ സംസാരിക്കുന്നത് അധ്യാപക വര്‍ഗ്ഗത്തിന് തന്നെ അപകീര്‍ത്തിയുണ്ടാക്കുന്ന നടപടിയാണ്.- ഇ.ടി പറഞ്ഞു.
എം.എസ്.എഫ് ദേശീയ കമ്മിറ്റി ഉള്‍പ്പെടെ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. മലയാളി വിദ്യാര്‍ഥികള്‍ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ ‘മാര്‍ക് ജിഹാദ്’ ആരോപണത്തെ കരുതാനാകൂ എന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പ്രതികരിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ദില്ലി സര്‍വകലാശാലയിലെ ബിരുദ പ്രവേശനം തുടങ്ങിയത്. ഹിന്ദു, രാംജാസ്, മിറാണ്ട, എസ്ആര്‍സിസി തുടങ്ങി പ്രധാന കോളേജുകളിലെ ആദ്യ പട്ടികയില്‍ ഇടംനേടിയതില്‍ കൂടുതലും മലയാളി വിദ്യാര്‍ത്ഥികളായിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി സര്‍വകലാശാലയില്‍ പ്രവേശനം കിട്ടുന്നതിന് പിന്നില്‍ മാര്‍ക്ക് ജിഹാദ് ആണെന്ന് അധ്യാപകന്‍ ആരോപിച്ചത്. പരാമര്‍ശം അതിരു കടന്നുവെന്ന് ശശി തരൂര്‍ എം.പി പ്രതികരിച്ചു.
കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിക്കാന്‍ സര്‍ക്കാര്‍ ഒത്താശയോടെ മാര്‍ക്ക് ജിഹാദ് നടക്കുന്നുണ്ട് എന്നായിരുന്നു രാകേഷ് പാണ്ഡെ എന്ന അധ്യാപകന്റെ ആരോപണം. ആര്‍.എസ്.എസ് ബന്ധമുള്ള അധ്യാപക സംഘടനയുടെ ഭാരവാഹിയായിരുന്നു ഇയാള്‍.