ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ ഹൗളിംഗ് ഉണ്ടായത് മനപ്പൂര്‍വ്വമല്ലെന്ന് മൈക്കുടമ രഞ്ജിത്ത്. വലിയ തിരക്കില്‍ ബാഗ് തട്ടിയതിനെ തുടര്‍ന്നാണ് തകരാര്‍ സംഭവിച്ചത്. ഇത് ഇത്ര വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ല എന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ സദസ്സിനു മുന്‍പില്‍ തിരക്കായി. തിരക്കിനിടെ ആളുകള്‍ കേബിള്‍ തട്ടിയാണ് ശബ്ദമുയര്‍ന്നത്. പ്രശ്‌നം 10 സെക്കന്‍ഡുകളില്‍ പരിഹരിച്ചു. ഇത്തരം തകരാറുകള്‍ ഒക്കെ സംഭവിക്കുന്നത് പതിവാണ്. രാഹുല്‍ ഗാന്ധിയും പ്രധാനമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ മൈക്ക് ഓപ്പറേറ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞദിവസമാണ് ഉമ്മന്‍ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറായതിന് പൊലീസ് കേസെടുത്തത്. നിലവില്‍ മൈക്കും മറ്റു അനുബന്ധ സാധനങ്ങളും കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.