ജി.എസ്.ടി വെബ്‌സൈറ്റിലെ തകരാര്‍ മൂലം റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിന് മുടങ്ങിയതിനാല്‍ വന്‍ തുക പിഴയടക്കാന്‍ വ്യാപാരികള്‍ക്ക് ജി.എസ്.ടി കൗണ്‍സിലിന്റെ നോട്ടീസ്. സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം വ്യാപാരികള്‍ക്കാണ് നോട്ടീസ് ലഭിച്ചത്.
വെബ്‌സൈറ്റിന്റെ ഇടക്കിടെയുണ്ടാകുന്ന തകരാറും റിട്ടേണ്‍ സമര്‍പ്പണത്തിലെ സങ്കീര്‍ണതയും മൂലമാണ് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കാതെ വന്നത്. എന്നാല്‍ റിട്ടേണ്‍ സമര്‍പ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ വ്യാപാരികള്‍ക്ക് നോട്ടീസ് അയച്ചത്.
റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ഒരു ദിവസം വൈകിയാല്‍ 50 രൂപയാണ് പിഴ. ഇത്തരത്തില്‍ നാലു മാസത്തെ പിഴ ഒടുക്കണമെന്നാണ് വ്യാപാരികളോട് ജി.എസ്.ടി ഓഫീസില്‍ നിന്ന് ആവശ്യപ്പെട്ടത്. പരാതി വ്യാപകമായതോടെ പിഴ അടക്കേണ്ടെന്നും അടച്ചവര്‍ക്കു പണം തിരികെ ലഭിക്കുമെന്നും ജി.എസ്.ടി കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍ ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഏകദേശം 12 കോടി രൂപ വ്യാപാരികള്‍ക്കു തിരികെ ലഭിക്കാനുണ്ടെന്നാണ് വിവരം.
വിവിധ പ്രക്രിയകളിലൂടെയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. വില്‍പനവിവരങ്ങള്‍ അപ്‌ലോഡ് ചെയ്ത ശേഷം കച്ചവടക്കാര്‍ വാങ്ങുന്ന ഇനങ്ങളുടെ വിവരങ്ങള്‍ നല്‍കണം. മുഴുവന്‍ വിവരങ്ങള്‍ ക്രോഡീകരിച്ചു നല്‍കുന്നതോടെയാണ് ജി.എസ്.ടി സമര്‍പ്പിക്കാനുള്ള നടപടി പൂര്‍ത്തിയാവുക. എന്നാല്‍ കൃത്യതയാര്‍ന്ന രീതിയില്‍ നടക്കുന്നില്ലെന്നാണ് വ്യാപാരികള്‍ പരാതിപ്പെടുന്നത്.