ഫുട്‌ബോളിന്റെ തറവാടുകാര്‍ യൂറോപ്യരാണ്. തറവാട്ടുകാരെ ചോദിച്ചാല്‍ ആദ്യം ചാടി വീഴുക ഇംഗ്ലീഷുകാരാണ്. പക്ഷേ ലോകകപ്പിന്റെ ചരിത്രം നോക്കുക. അവിടെ കരുത്തര്‍ ലാറ്റിനമേരിക്കക്കാരാണ്.
അവര്‍ പത്ത് രാജ്യങ്ങള്‍ മാത്രമേ ഉള്ളുവെങ്കിലും ബ്രസീലും അര്‍ജന്റീനയും തന്നെ ധാരാളം. ഇന്നലെ ഗ്രൂപ്പ് നറുക്കെടുപ്പില്‍ ലാറ്റിനമേരികക്കാര്‍ ഏറെക്കുറെ ഭദ്രമായ നിലയിലാണ്. ബ്രസീലിന്റെ ഗ്രൂപ്പ് ജിയില്‍ സ്വിറ്റ്‌സര്‍ലന്‍ഡും സെര്‍ബിയയും പിന്നെ കാമറൂണും. അര്‍ജന്റീനക്കാരുടെ ഗ്രൂപ്പ് സിയില്‍ മെക്‌സിക്കോയും പോളണ്ടും സഊദി അറേബ്യയും. ഒരു ഗ്രൂപ്പില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാര്‍ കടന്നു കയറുമെന്നിരിക്കെ രണ്ട് പ്രബലര്‍ക്കും പേടിക്കാനില്ല. രണ്ട് സംഘങ്ങളും അപാര പോമിില്‍ കളിക്കുന്നവരാണ്. ടിറ്റേക്ക് കീഴില്‍ കളിക്കുന്ന ബ്രസീല്‍ ചാമ്പ്യന്‍ സംഘമായിരിക്കുന്നു. നെയ്മര്‍ ഇല്ലാതെ കളിച്ചിട്ടും അനായാസം ജയിക്കുന്നവര്‍. അര്‍ജന്റീനയും ഈ വിധം തന്നെ. മെസി ഇല്ലെങ്കിലും ലയണല്‍ സ്‌കലോനിയുടെ ടീം ശക്തരാണ്.
ഇത്തവണ ആഫ്രിക്കക്കാര്‍ അരങ്ങ് തകര്‍ക്കുമെന്ന പ്രവചനമുണ്ട്. സെനഗലാണ് എല്ലാവരുടെയും നോട്ടപ്പുള്ളി. സാദിയോ മാനേയുടെ ടീം ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം റൗണ്ടിലെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. നെതര്‍ലന്‍ഡ്‌സ് മാത്രമാണ് കാര്യമായ പ്രതിയോഗികള്‍. ഖത്തറിനെയും ഇക്വഡോറിനെയും പിറകിലാക്കാന്‍ സെനഗലിനാവുമ്പോള്‍ അവര്‍ നോക്കൗട്ടിലെത്തും. അവിടെ പക്ഷേ ഇംഗ്ലണ്ടിനെ പോലുള്ളവരുണ്ടാവും. ഏഷ്യന്‍ ടീമുകള്‍ക്ക് വലിയ തടസങ്ങളുണ്ട്. ലോകകപ്പ് നടക്കുന്നത് ഏഷ്യയിലാവുമ്പോഴും ഖത്തറിന് കടുപ്പമാണ് കാര്യങ്ങള്‍. ബിയില്‍ ഇംഗ്ലണ്ടിനൊപ്പമാണ് ഇറാന്‍. ജപ്പാനാവട്ടെ സ്‌പെയിനും ജര്‍മനിയും കളിക്കുന്ന ഇ ഗ്രൂപ്പില്‍. കൊറിയക്കാര്‍ക്ക് മുന്നില്‍ വരുന്നത് പോര്‍ച്ചുഗലാണ്. വമ്പന്മാരെല്ലാം ഇത്തവണ ആശ്വാസത്തിലാണ്.
മരണ ഗ്രൂപ്പ് എന്ന ഭയമില്ല. എട്ട് ഗ്രൂപ്പുകളിലും പരിശോധിച്ചാല്‍ മുന്‍നിരക്കാര്‍ക്ക് കടന്നുകയറുക പ്രയാസമുള്ള കാര്യമല്ല. യഥാര്‍ത്ഥ യുദ്ധം നോക്കൗട്ട് മുതലാണ്. അപ്പോഴും ക്വാര്‍ട്ടര്‍ വരെ ബ്രസീലും അര്‍ജന്റീനയും നേര്‍ക്കുനേര്‍ വരില്ല.