2017-ലെ ഉത്തര്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ബീഹാര്‍ മോഡലില്‍ വിശാല സഖ്യത്തിന്റെ സൂചന നല്‍കി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവ്. സമാജ്‌വാദി പാര്‍ട്ടിയുടെ സില്‍വര്‍ ജൂബിലി ആഘോഷ ചടങ്ങിലേക്ക് ജനതാ പരിവാര്‍ പാര്‍ട്ടി നേതാക്കളെ ക്ഷണിച്ചതിനെ പറ്റി സംസാരിക്കവെയാണ് മുലായം സഖ്യസാധ്യത അവതരിപ്പിച്ചത്.
‘ഇന്ന് ഞങ്ങളുടെ പാര്‍ട്ടി നിലവില്‍ വന്നതിന്റെ വാര്‍ഷികമാണ്. അവരെ (ജനതാ പരിവാര്‍ നേതാക്കളെ) ക്ഷണിച്ചതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല. മൊത്തം രാജ്യത്തെപ്പറ്റിയും ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെപ്പറ്റിയും നാം ചിന്തിക്കേണ്ടതുണ്ട്. ഞങ്ങള്‍ ഒന്നിച്ചിരുന്ന് അതേപ്പറ്റി ചിന്തിക്കും…’ മുലായം പറഞ്ഞു. നേരത്തെ, തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഹകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി യു.പിയിലെ കോണ്‍ഗ്രസ് എം.എല്‍.എമാരുടെ അഭിപ്രായം ആരാഞ്ഞിരുന്നു.
മഹാസഖ്യം
കഴിഞ്ഞ വര്‍ഷം ബിഹാറില്‍ തെരഞ്ഞെടുപ്പിന് മുമ്പായി, ജനതാദളില്‍ നിന്നു പിരിഞ്ഞ ആറ് സംഘടനകള്‍ ഒന്നിച്ചു ചേര്‍ന്നാണ് മഹാസഖ്യം ഉണ്ടാക്കിയത്. കോണ്‍ഗ്രസും ഇവരോടൊപ്പം ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ശക്തമായ തിരിച്ചടി നല്‍കാനും ഭരണം പിടിച്ചെടുക്കാനും ഇതുകൊണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ 71 സീറ്റ് സ്വന്തമാക്കിയ ബി.ജെ.പിയെ വീഴ്ത്താന്‍ മറ്റൊരു മഹാസഖ്യം കൊണ്ടേ കഴിയൂ എന്നാണ് വിലയിരുത്തല്‍.
മുസ്ലിംകള്‍ അക്രമിക്കപ്പെടുന്നു
രാജ്യത്ത് മുസ്‌ലിംകള്‍ അക്രമങ്ങള്‍ നേരിടുന്നതായും മുലായം പറഞ്ഞു. ‘രാജ്യത്ത് ഏറ്റവുമധികം അക്രമങ്ങള്‍ നേരിടുന്നത് മുസ്ലിംകളാണ്. എസ്.പി ഭരണത്തില്‍ യു.പിയിലും അങ്ങനെ അക്രമങ്ങള്‍ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് എസ്.പി സര്‍ക്കാര്‍ തുടര്‍ന്നും ഭരിക്കണമെന്നാണ് മുസ്ലിംകളുടെ താല്‍പര്യം.’ മുസ്ലിം സമുദായത്തിന്റെ പ്രശ്‌നങ്ങളെപ്പറ്റി പഠിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുലായം കൂട്ടിച്ചേര്‍ത്തു.