ബംഗളൂരു: സുപ്രീംകോടതി ഇന്ന് നാലു മണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ പ്രോട്ടം സ്പീക്കര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താനാവും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയില്‍ സ്പീക്കറുടേയോ, ഡെപ്യൂട്ടി സ്പീക്കറുടേയോ തെരഞ്ഞെടുപ്പ് നടക്കാത്ത സാഹചര്യത്തിലാണ് പ്രോട്ടം സ്പീക്കറെ നിയമിക്കുന്നത്.
നിയമസഭയിലെ കാര്യങ്ങള്‍ തടസമില്ലാതെ നടക്കുന്നതിനായാണ് അംഗങ്ങളില്‍ നിന്നും പ്രോട്ടംസ്പീക്കറെ തെരഞ്ഞെടുക്കുന്നത്. സ്ഥിരം സ്പീക്കര്‍ക്ക് ലഭിക്കുന്ന അതേ അധികാരങ്ങള്‍ പ്രോട്ടം സ്പീക്കര്‍ക്കും ലഭിക്കും. പുതുതായി എം. എല്‍. എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതും പ്രോട്ടം സ്പീക്കറായിരിക്കും.
പ്രോട്ടംസ്പീക്കറുടെ അധികാരം ഭരണകക്ഷിയെ സഹായിക്കാനും കൂറുമാറ്റ നിരോധന നിയമം മറികടക്കാനും സഹായിക്കുമെന്ന് സാരം. സുപ്രീം കോടതി വിധി അനുസരിച്ച് പ്രോട്ടംസ്പീക്കര്‍ക്ക് വിശ്വാസ വോട്ടെടുപ്പ് ശബ്ദ വോട്ടോടെ വേണോ, ബാലറ്റ് വഴി വേണോ എന്ന് തീരുമാനിക്കാം. പ്രോട്ടംസ്പീക്കര്‍ വിശ്വാസ വോട്ടെടുപ്പ് നടത്തുന്നത് ഭരണഘടനാപരമായി യാതൊരു അപാകതയുമില്ലെന്നാണ് ഭരണഘടന വിദഗ്ധനായ പി.ഡി.റ്റി ആചാരി പറയുന്നത്.
പക്ഷേ ഒരു സ്പീക്കറെ തെരഞ്ഞെടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാത്രമേ ഈ അധികാരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറയുന്നു. പക്ഷേ കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ചില പ്രതിപക്ഷ എം.എല്‍.എമാര്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടു നില്‍ക്കുകയോ, കൂറുമാറുകയോ ചെയ്താല്‍ കൂറുമാറ്റ നിരോധന പരിധിയില്‍ നിന്നും ഇതിനെ ഒഴിവാക്കാന്‍ സ്പീക്കറുടേതായ വിവേചന അധികാരം ഉപയോഗപ്പെടുത്താന്‍ ബൊപ്പയ്യക്കാവും. നിലവില്‍ കര്‍ണാടക നിയമസഭയില്‍ 222 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് 116 അംഗങ്ങളുടെ പിന്തുണയും ബി.ജെ.പിക്ക് 104 അംഗങ്ങളുടെ പിന്തുണയുമാണുള്ളത്.