X
    Categories: Video Stories

ഇസ്രാഈലിനെ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന സംഘടന നൊബേല്‍ സമ്മാനത്തിനുള്ള പട്ടികയില്‍

ഓസ്ലോ: ഫലസ്തീനികള്‍ക്കെതിരെ ക്രൂരമായ മനുഷ്യാവകാശ ലംഘനം നടത്തുന്ന ഇസ്രാഈലിനെ അന്താരാഷ്ട്ര തലത്തില്‍ ബഹിഷ്‌കരിക്കാന്‍ പ്രചരണം നടത്തുന്ന ‘ബി.ഡി.എസ്’ (ബോയ്‌ക്കോട്ട്, ഡിവെസ്റ്റ്‌മെന്റ് ആന്റ് സാങ്ഷന്‍സ്) പ്രസ്ഥാനം 2018-ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടു. നോര്‍വേയിലെ എം.പിയും റെഡ് പാര്‍ട്ടി നേതാവുമായ ബ്യോര്‍നര്‍ മോക്‌സ്‌നസ് ആണ് ബി.ഡി.എസ്സിനെ ഔദ്യോഗികമായി നൊബേല്‍ സമ്മാനത്തിന് നിര്‍ദേശിച്ചത്.

നീതിക്കും സ്വാതന്ത്ര്യത്തിനും അന്തസ്സിനും വേണ്ടിയുള്ള ഫലസ്തീനികളുടെ പോരാട്ടത്തോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായാണ് ബി.ഡി.എസ്സിനെ നൊബേലിന് നിര്‍ദേശിച്ചതെന്ന് നോര്‍വേയിലെ പാര്‍ലമെന്ററി ഗ്രൂപ്പ് വ്യക്തമാക്കി.

ബി.ഡി.എസ് സ്വാതന്ത്ര്യത്തിനും സമത്വത്തിനും സമാധാനത്തിനും വേണ്ടി അക്രമ രഹിത മാര്‍ഗത്തിലൂടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും അതുകൊണ്ടാണ് സമാധാനത്തിനുള്ള നൊബേലിന് അവരെ നാമനിര്‍ദേശം ചെയ്യുന്നതെന്ന് പാര്‍ലമെന്ററി ഗ്രൂപ്പ് വ്യക്തമാക്കി. ഫലസ്തീനികള്‍ക്ക് നീതി നല്‍കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതാണ് തങ്ങളുടെ നീക്കമെന്ന് ബ്യോര്‍നര്‍ മോക്‌സ്‌നസ് പറഞ്ഞു. തങ്ങള്‍ ഫലസ്തീന്‍ അനുകൂലികളാണെന്നതിന് ഇസ്രാഈല്‍ വിരോധികളാണെന്ന അര്‍ത്ഥമില്ലെന്നും നിലവില്‍ ഇസ്രാഈലിലുള്ള വലതുപക്ഷ ഗവണ്‍മെന്റ് ഫലസ്തീനികളെ അടിച്ചമര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രാഈലിനെ അക്കാദമികമായും സാംസ്‌കാരികമായും ബഹിഷ്‌കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ബി.ഡി.എസ്സിന് പാശ്ചാത്യന്‍ രാജ്യങ്ങളില്‍ നല്ല പിന്തുണ ലഭിക്കുന്നുണ്ട്. ലോകമെങ്ങും ഇസ്രാഈല്‍ നിര്‍മിത ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുന്നതിനു വേണ്ടിയും ബി.ഡി.എസ് പ്രവര്‍ത്തിക്കുന്നു. ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്, സംഗീതജ്ഞന്‍ റോജര്‍ വാട്ടേഴ്‌സ്, ഹോളിവുഡ് നടന്‍ റസല്‍ ബ്രാന്‍ഡ്, നടി മെഗ് റിയാന്‍, ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തുടങ്ങി നിരവധി പേര്‍ ഇസ്രാഈലിനെതിരെ പരസ്യ നിലപാടെടുത്തവരാണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: