ഡല്‍ഹിയില്‍ വീണ്ടും ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത്. കശ്മീരി ഗേറ്റ് ഫ്‌ലൈഓവറില്‍ ഇന്നലെ രാത്രിയായിരുന്നു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ചുവരെഴുത്ത് പൊലീസ് ഇടപ്പെട്ട് മായിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. അതേസമയം ഈ മാസമാദ്യം മറ്റൊരു ഖലിസ്ഥാന്‍ അനുകൂല ചുവരെഴുത്ത് കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാള്‍ 3,500 ഡോളര്‍ പ്രതിഫലമായി കൈപ്പറ്റിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് ഇവര്‍ക്ക് പണം നല്‍കിയത്. ആകെ വാഗ്ദാനം ചെയ്തത് 7,000 ഡോളര്‍ ആയിരുന്നു. അറസ്റ്റിലായ പ്രതികള്‍ സമൂഹമാധ്യമത്തിലൂടെയാണ് ഇവരെ ബന്ധപ്പെട്ടതെന്നാണ് വിവരം. ദില്ലിയില്‍ അഞ്ച് മെട്രോ സ്‌റ്റേഷനുകളിലാണ് ഖലിസ്ഥാന്‍ അനൂകൂല ചുവരെഴുത്തുകള്‍ അന്ന് കണ്ടെത്തിയത്.
അതേസമയം ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ കാനഡ ബന്ധം വഷളായതോടെ കനേഡിയന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യന്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞാഴ്ച പിന്‍വലിച്ചിരുന്നെങ്കിലും വീണ്ടും പ്രസിദ്ധീകരിക്കുകയായിരുന്നു.
മലയാളികളടക്കം 20 ലക്ഷത്തോളം ഇന്ത്യന്‍ വംശജരാണ് നിലവില്‍ കാനഡയിലുള്ളത്. ഇന്ത്യയിലെ വിസ സര്‍വ്വീസുകള്‍ ഈ സാഹചര്യത്തില്‍ കാനഡയും സസ്‌പെന്‍ഡ് ചെയ്യാനുള്ള സാധ്യതയുണ്ട്. കുടിയേറ്റത്തിനും പഠനത്തിനും അപേക്ഷ നല്‍കി കാത്തിരിക്കുന്നവരെ ഇത് ബാധിച്ചേക്കും.
ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിജ്ജാറുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന വാദം അന്താരാഷട്ര തലത്തില്‍ ചര്‍ച്ചയാക്കാന്‍ കാനഡ ശ്രമിക്കുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. എന്നാല്‍ ജി 7 രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കൂട്ടായ പ്രസ്താവന ഇറക്കണമെന്ന കാനഡയുടെ ആവശ്യം അമേരിക്ക അംഗീകരിച്ചിട്ടില്ല അതേസമയം വിഷയം ഗൗരവമേറിയതാണെന്ന് ഇന്ത്യയിലെ അമേരിക്കന്‍ വക്താവ് പറഞ്ഞു.