തിരുവനന്തപുരം:ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ മലയാളി കായിക താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് അഭ്യര്‍ത്ഥിച്ചു.
കത്ത് പൂര്‍ണ രൂപത്തില്‍
ബബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി മെഡല്‍ നേടിയവരില്‍ അഞ്ച് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ട് കാണുമല്ലോ. ട്രിപ്പിള്‍ ജമ്പ് വിഭാഗത്തില്‍ എല്‍ദോസ് പോളും, അബ്ദുള്ള അബൂബക്കറുമാണ് സ്വര്‍ണവും വെള്ളിയും നേടിയത്. ലോങ് ജംപില്‍ എം. ശ്രീശങ്കറും ഹോക്കിയില്‍ പി.ആര്‍ ശ്രീജേഷും വെള്ളി മെഡലുകള്‍ നേടി. ട്രീസ ജോളി ബാറ്റ്മിന്‍ഡനില്‍ വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്.
മെഡല്‍ ജേതാക്കളെ മുഖ്യമന്ത്രിയെന്ന നിലയില്‍ താങ്കള്‍ അഭിനന്ദിച്ചെങ്കിലും നമ്മുടെ രാജ്യത്തിന് അഭിമാനങ്ങളായ, കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തയാറായിട്ടില്ല. മറ്റ് സംസ്ഥാനങ്ങള്‍ മെഡല്‍ ജേതാക്കള്‍ക്ക് സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതേ മാതൃകയില്‍ കേരളത്തില്‍ നിന്നുള്ള മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക പ്രഖ്യാപിക്കണമെന്ന് താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.