X
    Categories: indiaNews

രാഹുലിനെ കണ്ടുപഠിക്കൂ ; മോദിയുടെ അധിക്ഷേപവാദത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി

കോണ്‍ഗ്രസ് തന്നെ ഒരുപാട് തവണ അപമാനിച്ചിട്ടുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.’കോണ്‍ഗ്രസ് നടത്തിയെന്ന് പ്രധാനമന്ത്രി ആരോപിക്കുന്ന 91 അധിക്ഷേപങ്ങള്‍ ഒരു പേജിലൊതുങ്ങും. എന്നാല്‍ ബിജെപിയും മോദിയും തന്റെ കുടുംബത്തെ അപമാനിച്ച് പറഞ്ഞ കാര്യങ്ങള്‍ എണ്ണിത്തുടങ്ങിയാല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടി വരുമെന്ന് പ്രിയങ്ക പറഞ്ഞു.പൊതുജീവിതത്തില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് സാധാരണമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരം കാര്യങ്ങളല്ല പറയേണ്ടതെന്നും പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ മോദി കണ്ടുപഠിക്കണമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

പല പ്രധാനമന്ത്രിമാരെയും ഞാന്‍ കണ്ടിട്ടുണ്ട്.പക്ഷേ ആദ്യമായാണ് ഒരു പ്രധാനമന്ത്രി ജനങ്ങളുടെ മുന്നിലെത്തി തന്നെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് കരയുന്നത് കാണുന്നതെന്ന് പ്രിയങ്കാ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രിയോട് ധൈര്യത്തോടെ ഇരിക്കാനും തന്റെ സഹോദരന്‍ രാഹുല്‍ ഗാന്ധിയെ കണ്ട് പഠിക്കാനും പ്രിയങ്ക ഗാന്ധി നിര്‍ദേശിച്ചു. ഈ രാജ്യത്തിന് വേണ്ടി അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നതിന് മാത്രമല്ല വെടിയേല്‍ക്കാന്‍ വരെ രാഹുല്‍ തയ്യാറാണെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. പൊതുജീവിതം നയിക്കുന്നയാളുകള്‍ ഇത്തരം കാര്യങ്ങള്‍ സഹിക്കണം. ജനങ്ങളെ കേള്‍ക്കുകയെന്ന ഒരു കാര്യം കൂടി മോദി പഠിച്ചാല്‍ നന്നായിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു.

webdesk15: