പ്രിയങ്കാ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ശക്തം
ലക്‌നോ: എ.ഐ.സി.സി സെക്രട്ടറി പ്രിയങ്കാ ഗാന്ധി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ…?. ഒരുഭാഗത്ത് സസ്‌പെന്‍സ് തുടരുമ്പോള്‍ അക്ഷമരാണ് യു.പിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അലഹബാദ്, വാരാണസി, ഫുല്‍പൂര്‍, കൈസര്‍ഗഞ്ച് തുടങ്ങി സംസ്ഥാനത്തെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്ന് പ്രിയങ്ക മല്‍സരിക്കണമെന്ന് അവര്‍ മുറവിളി കൂട്ടുന്നു. പ്രിയങ്കക്കായി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാന്‍ വരെ തയ്യാര്‍. യു.പിയിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അത്രത്തോളം ആഗ്രഹിക്കുന്നുണ്ട് പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വം.
മൂന്നു പതിറ്റാണ്ടിന് ശേഷം യു.പിയില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസിന് പ്രിയങ്ക നല്‍കുന്ന ഊര്‍ജ്ജം ചില്ലറയല്ലെന്ന് വ്യക്തം. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ മല്‍സരിക്കുമോ എന്ന പ്രവര്‍ത്തകരുടെ ചോദ്യത്തിനു വാരാണസിയില്‍ ആയാലെന്താ എന്നു പ്രിയങ്കയുടെ മറുചോദ്യമാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാന്‍ പ്രിയങ്ക തന്നെ വാരാണസിയില്‍ എത്തുമോ എന്ന അഭ്യൂഹം ഇതോടെ പടര്‍ന്നു. താരമണ്ഡലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒന്നുകൂടി ചൂടുപിടിച്ചു. പ്രചാരണ പരിപാടികളിലെ ജനസാന്നിധ്യം പ്രിയങ്ക ഒരു സ്റ്റാര്‍ ക്യാംപയിനറാണെന്ന് അടിവരയിടുന്നു.
വര്‍ഷങ്ങളായി തെരഞ്ഞെടുപ്പ് രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കിലും ഇതുപോലൊരു ഉണര്‍വ് മുമ്പ് പ്രകടമായിട്ടില്ലെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ആരാധന മിശ്ര അഭിപ്രായപ്പെട്ടത്. അടുത്തിടെ നടന്ന പ്രിയങ്കയുടെ ഗംഗാ യാത്രക്ക് മേല്‍നോട്ടം വഹിച്ചത് ആരാധനയായിരുന്നു. എവിടെ പോയാലും പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്. അവര്‍ മല്‍സരിക്കണമെന്ന് എല്ലാവരും ആവശ്യപ്പെടുന്നു. ജനഹിതം നിറവേറുമെന്ന് തന്നെ പ്രതീക്ഷിക്കാം-ആരാധന പറഞ്ഞു. പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ ദേശീയ നേതൃത്വത്തിന് കത്തെഴുതി, ചിലര്‍ പ്രമേയം പാസാക്കി, ആവശ്യം ഒന്ന് മാത്രം. പ്രിയങ്ക തങ്ങളുടെ മണ്ഡലത്തില്‍ മല്‍സരിക്കണം. ഫുല്‍പൂരില്‍ മല്‍സരിക്കണമെന്നാവശ്യപ്പെട്ട് പ്രാദേശിക നേതൃത്വം ഹൈക്കമാന്റിനെ വിടാതെ പിടികൂടിയിട്ടുണ്ട്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മണ്ഡലം ആയിരുന്നു എന്നതാണ് ഫുല്‍പൂരിന്റെ പ്രത്യേകത. 2014ല്‍ ബി.ജെ.പിയുടെ കേശവ് പ്രസാദ് മൗര്യ മൂന്ന് ലക്ഷം വോട്ടിന് ജയിച്ച മണ്ഡലം.
കേശവ് പ്രസാദ് മൗര്യ ഉപമുഖ്യമന്ത്രിയായതോടെ കഴിഞ്ഞവര്‍ഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അപ്രതീക്ഷിത തിരിച്ചടി. എസ്.പിയും ബി.എസ്.പിയും കൈകോര്‍ത്തപ്പോള്‍ എസ്.പിയുടെ നരേന്ദ്ര പ്രതാപ് സിങ് പട്ടേല്‍ 59613 വോട്ടിന് ജയിച്ചുകയറി. പ്രിയങ്ക വരുന്നതോടെ എസ്.പി സഖ്യം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുമെന്ന പ്രതീക്ഷയിലാണ് പ്രാദേശിക നേതൃത്വം. കോണ്‍ഗ്രസ് ഇതുവരെ സ്ഥാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലാത്ത കൈസര്‍ഗഞ്ചിലും പ്രിയങ്കയുടെ പേര് ഉയരുന്നുണ്ട്. ബി.ജെ.പിയുടെ സിറ്റിങ് എം.പി ബ്രജ്ഭൂഷണ്‍ ശരണ്‍ സിങ് പ്രിയങ്കയെ ഇവിടെ മല്‍സരിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. എല്ലാ മണ്ഡലങ്ങളും പ്രിയങ്കക്ക് ഒരുപോലെയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി.