X

സഖ്യത്തിനില്ലെന്ന് എസ്പി; യുപിയില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക ഒറ്റയ്ക്ക് നയിക്കും

ന്യൂഡല്‍ഹി: 2022ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് വ്യക്തമാക്കിയതോടെയാണ് കോണ്‍ഗ്രസ് തനിച്ച് മത്സരിക്കാന്‍ നിര്‍ബന്ധിതമായത്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കും.

2017ല്‍ കോണ്‍ഗ്രസും എസ്പിയും ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ വലിയ പാര്‍ട്ടികളുമായി സഖ്യമില്ലെന്നും ചെറുകക്ഷികളുമായുള്ള ധാരണയിലാണ് പാര്‍ട്ടിക്ക് താത്പര്യമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഇന്ത്യ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഇനി ഒന്നര വര്‍ഷം മാത്രമാണ് തെരഞ്ഞെടുപ്പിനായി അവശേഷിക്കുന്നത്. അതു കൊണ്ടു തന്നെ ലഖ്‌നൗവില്‍ ക്യാംപ് ചെയ്താകും പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍. ഇതിനായി ഇവര്‍ നേരത്തെ കണ്ടു വച്ച വീട്ടിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയിടെ ഏഴു നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് ഉണ്ടായിരുന്നു. ആറെണ്ണത്തില്‍ മത്സരിച്ച പാര്‍ട്ടിക്ക് നാലിടത്ത് കെട്ടിവച്ച പണം നഷ്ടമായിരുന്നു. രണ്ടിടങ്ങളില്‍ രണ്ടാം സ്ഥാനത്തായി. ഇവിടെ ആറു സീറ്റില്‍ ബിജെപിയും ഒരിടത്ത് എസ്പിയുമാണ് ജയിച്ചത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രിയങ്ക തലസ്ഥാനത്തെ പാര്‍ട്ടി ആസ്ഥാനത്ത് ഒടുവില്‍ എത്തിയത്. കോവിഡ് മഹാമാരി മൂലം മിക്ക യോഗങ്ങളും ഓണ്‍ലൈനായാണ് നടക്കുന്നത്. എന്നാല്‍ പാര്‍ട്ടി സ്ഥാപക ദിനമായ ഡിസംബര്‍ 28ന് അറുപതിനായിരം പേരെ അണി നിരത്തി പദയാത്ര സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്.

ബ്ലോക്ക് തല പ്രസിഡണ്ടുമാരുടെയും കമ്മിറ്റികളുടെയും തെരഞ്ഞെടുപ്പ് ഡിസംബര്‍ 28ന് അകം പൂര്‍ത്തീകരിക്കാന്‍ പ്രിയങ്ക നിര്‍ദേശിച്ചു. സംസ്ഥാനത്തുടനീളം പാര്‍ട്ടിയുടെ നെറ്റ്‌വര്‍ക്ക് വിപുലപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘടനാ ചുമതലയുള്ള സെക്രട്ടറി സിദ്ധാര്‍ത്ഥ് പ്രിയ ശ്രീവാസ്തവ എകണോമിക് ടൈംസിനോട് പറഞ്ഞു.

403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ഏഴു സീറ്റാണ് ഉള്ളത്. പ്രതിപക്ഷത്ത് എസ്പിക്ക് 49 ഉം ബിഎസ്പിക്ക് 18 ഉം സീറ്റുകളുണ്ട്.

Test User: