ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ മതേതര സംഖ്യം യാഥാര്‍ത്ഥ്യമാക്കിയ കരുത്തുറ്റ ഇടപടലിനെ തുടര്‍ന്ന് പ്രിയങ്ക ഗാന്ധി ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് വരുന്നുവെന്ന സൂചനകള്‍ ശക്തമാവുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങിലേക്ക് തിരിച്ചെത്തിയ പ്രിയങ്ക, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിക്ക് പകരക്കാരിയാവുമെന്ന വാര്‍ത്തകളാണ് കോണ്‍ഗ്രസ് നേതൃത്വങ്ങളില്‍ നിന്നും പുറത്തുവരുന്നത്.
കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയും സോണിയ ഗാന്ധിയുടെ മണ്ഡലവുമായ റായ്ബറേലിയില്‍നിന്നാവും പ്രിയങ്ക ജനവിധി തേടുകയെന്ന സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടാണ് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
അനാരോഗ്യത്തെ തുടര്‍ന്ന് രാഷ്ട്രീയപരമായ ചുമതലകളില്‍നിന്ന് സോണിയ ഗാന്ധി സ്വയം പിന്‍മാറുന്നതിനിടെയാണ് പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശനം. വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃനിരയില്‍ ഗൗരവമായ ചര്‍ച്ചകളാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി അമേഠിയിലും റായ്ബറേലിയിലും 1999 മുതല്‍ ചുക്കാന്‍ പിടിച്ചുള്ള പരിചയസമ്പത്തുമായാണ് പ്രിയങ്കക്ക് കരുത്തു നല്‍കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്‌സമാജ്‌വാദി പാര്‍ട്ടി സഖ്യചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് രാജകീയമായായിരുന്നു പ്രിയങ്കയുടെ വരവ്. മുലായം-അഖിലേഷ് നാടകത്തിന് തിരശീല വീഴുമ്പോള്‍ ഉത്തര്‍പ്രദേശിലെ സീറ്റ് വിഭജന ചര്‍ച്ചയില്‍ ആദ്യം മുതല്‍ അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, പ്രിയങ്ക ഗാന്ധി എന്നിവരാണ് സജീവമായി പ്രവര്‍ത്തിച്ചത്. എന്നാല്‍ അന്തിമമായി ഇതിന്റെ ക്രഡിറ്റ് പ്രിയങ്കാ ഗാന്ധിക്ക് മാത്രമായാണ് നേതാക്കള്‍ നല്‍കിയത്.
ഇതുവരെ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടാതിരുന്ന പ്രിയങ്ക ഗാന്ധി നിര്‍ണായക ഘട്ടത്തിലാണ് എസ്.പി നേതാക്കളുമായി മധ്യസ്ഥ ചര്‍ച്ചക്ക് ഒരുങ്ങിയത്. അഖിലേഷിന്റെ ഭാര്യ ഡിംപിളും പ്രിയങ്കയും തമ്മിലുള്ള അടുപ്പവും സഖ്യരൂപവത്കരണത്തില്‍ നിര്‍ണായകമായി.
അതേസമയം, പ്രിയങ്ക നേതൃത്വത്തിലേക്കു വരുന്നതോടെ നിലവില്‍ പാര്‍ട്ടി ഉപാധ്യക്ഷനായ സഹോദരന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃപ്രാധാന്യം കുറയുന്നില്ലെന്നാണ് വിവരം. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധിയുടെ പിന്‍ഗാമി രാഹുല്‍ തന്നെയായിരിക്കുമെന്നും കോണ്‍ഗ്രസ് നേതൃനിര ഉറപ്പുവരുത്തുന്നുണ്ട്. കൂടാതെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങാനായി സഖ്യചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ പ്രിയങ്ക ഗാന്ധിയെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദിനെയും നിയോഗിച്ചത് രാഹുല്‍ ഗാന്ധിയാണ്.
അമേഠിയില്‍നിന്നാണ് സോണിയ ഗാന്ധി ആദ്യമായി ലോക്‌സഭയിലെത്തുന്നത്. പിന്നീട് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തോടെ കുടുംബ മണ്ഡലമായ റായ്ബറേലിയില്‍ നിന്നായി സോണിയയുടെ മത്സരം. 2004 മുതല്‍ മല്‍സരിച്ച മൂന്നുതവണയും ഇവിടെനിന്ന് ജയിച്ചുകയറാനും സോണിയയ്ക്കായി. രൂപം കൊണ്ട് മുന്‍ പ്രധാനമന്ത്രിയും മുത്തശിയുമായ ഇന്ദിര ഗാന്ധിയെ ഓര്‍മിപ്പിക്കുന്ന പ്രിയങ്ക, അവരുടെ തട്ടകമായിരുന്ന റായ്ബറേലിയില്‍നിന്നുതന്നെ തുടക്കമിടുന്നതാണ് നല്ലതെന്ന് മുതിര്‍ന്ന നേതാക്കളും വിശ്വസിക്കുന്നു.