സ്വതന്ത്ര ഇന്ത്യയുടെ ഭരണം നയിച്ച ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കുടുംബ കഥയും ജീവതത്തിലെ അനുഭവങ്ങളും സംഘര്‍ഷങ്ങളും അതുണ്ടാക്കിയ തിരിച്ചറിവുകളെക്കുറിച്ചും രാഷ്ട്രീയപ്രവേശനത്തെക്കുറിച്ചുമെല്ലാം തുറന്നുപറയുന്നു പ്രിയങ്കാഗാന്ധി വദ്ര. ഓക്‌സ്ഫഡ് ബുക്‌സ് പുറത്തിറക്കുന്ന ‘ഇന്ത്യ ടുമാറോ-കോണ്‍വര്‍സേഷന്‍സ് വിത്ത് ദി നെസ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ ലീഡേര്‍സ്’ എന്ന പുസ്തകത്തിനനുവദിച്ച സുദീര്‍ഘമായ അഭിമുഖത്തിലാണ് അമ്മൂമ ഇന്ദിരാ ഗാന്ധിയെ കുറിച്ചും അമ്മ സോണിയയെയും സഹോദരന്‍ രാഹുലിനേയും തന്റെ ജീവിതത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പ്രിയങ്ക തുറന്നു സംസാരിച്ചത്.
പ്രിയങ്ക തുറന്നു സംസാരിച്ച അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ വായിക്കാം..
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പുരുഷന്മാരെക്കാള്‍ കൂടുതല്‍ വെല്ലുവിളികള്‍ സ്ത്രീകള്‍ നേരിടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്. അടിസ്ഥാന തലത്തില്‍ രാഷ്ട്രീയത്തില്‍ പ്രത്യേകിച്ചും, ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ഇന്ദിരാ ഗാന്ധിയെ കുറിച്ചും വനിതകള്‍ രാഷ്ട്രീയത്തില്‍ നേരിടുന്ന എന്തെങ്കിലും പ്രത്യേകമായ വെല്ലുവിളികളെ കുറിച്ചുമുളള ചോദ്യത്തിന് പ്രിയങ്ക പ്രതികരിച്ചു.
ഒരു സ്ത്രീ രാഷ്ട്രീയത്തില്‍ സജീവമാണെന്നു കണ്ടാല്‍ ഞാനവരെ പ്രശംസിക്കുകയും ബഹുമാനിക്കുകയും ചെയ്യും. കാരണം, എനിക്കറിയാം അവരെന്തുമാത്രം സമ്മര്‍ദങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന്. ഉദാഹരണത്തിന്, വൈകുന്നേരം അഞ്ചിന് ഉള്‍ഗ്രാമത്തില്‍ ഒരു റാലിക്കെത്തണമെങ്കില്‍ ഒരു സ്ത്രീക്ക് പുരുഷനെക്കാള്‍ ബുദ്ധിമുട്ടാണ്. 50 സ്ത്രീകളെ സംഘടിപ്പിക്കാനും അവരെ കാറില്‍ എത്തിക്കാനും ഒരു സ്ത്രീക്ക് ഏറെ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും, ഉള്‍നാടുകളിലും നഗരങ്ങളല്ലാത്ത പ്രദേശങ്ങളിലും.
സ്ത്രീകള്‍ക്ക് ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടിവരും. ഞങ്ങള്‍ ഒരേസമയം ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ്. എന്റെ മകളുടെ ഐ.ബി. പ്രസന്റേഷന്‍ ഇന്നലെ രാത്രി രണ്ടുമണിക്കാണ് ഞാന്‍ പൂര്‍ത്തിയാക്കിയത്. ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ട ചില ഫയലുകള്‍ ശരിയാക്കാനായി ഇന്നുരാവിലെ ആറിന് എഴുന്നേറ്റു. ഒമ്പതുമണിക്ക് ഇതാ ഇവിടെ നിങ്ങള്‍ക്കുമുമ്പിലാണ് ഞാന്‍. ഇന്ന് രാത്രി വീട്ടില്‍ അത്താഴത്തിന് ചിലര്‍ വരും. അതെനിക്ക് ഏര്‍പ്പാടാക്കേണ്ടതുണ്ട്. അതുകൊണ്ട്, സ്വാഭാവികമായിത്തന്നെ സ്ത്രീകള്‍ക്ക് അവര്‍ ചെയ്യുന്ന ജോലികള്‍ നോക്കിയാല്‍ ഏറെ ചെയ്യാനുണ്ടാകും. ഇന്ത്യയിലും വിദേശത്തുമൊക്കെ പുരുഷന്മാര്‍ക്കില്ലാത്ത സാമൂഹിക സമ്മര്‍ദങ്ങള്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. അതുകൊണ്ട്, ഒരു സ്ത്രീ പ്രത്യേകിച്ചും സമ്പന്നമല്ലാത്ത പശ്ചാത്തലത്തില്‍നിന്നുള്ള ഒരാള്‍ മുന്നോട്ടുവരുകയും പൊതുവായ എന്തെങ്കിലും ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്., പ്രിയങ്ക പറഞ്ഞു.
സഹോദരന്‍ രാഹുലുമായുള്ള ബന്ധത്തെ കുറിച്ചും രാഹുല്‍ എന്ന വ്യക്തിയെ കുറിച്ചും അദ്ദേഹം അനുഭവിക്കുന്ന വേട്ടയാടലുകളെ കുറിച്ചും അഭിമുഖത്തില്‍ പ്രിയങ്ക പ്രതികരിച്ചു.
എന്നേക്കാള്‍ ശാന്തനാണ് രാഹുല്‍. എനിക്കുള്ളതിനേക്കാള്‍ കുറച്ച് ദേഷ്യമേ രാഹുലിനുള്ളൂ. രാഹുല്‍ ബുദ്ധിമാനാണ്. എന്നേക്കാള്‍ കൂടുതല്‍ ചിന്തിക്കുന്നവനാണ്. ഞാന്‍ ഈ നിമിഷത്തില്‍ ജീവിക്കുന്നവളാണ്. പതിനഞ്ചു വര്‍ഷം മുന്‍കൂട്ടിക്കണ്ട് ചിന്തിക്കുന്നയാളാണ് രാഹുല്‍. പതിനഞ്ചു വര്‍ഷത്തിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ച് നിങ്ങളെന്നോടു ചോദിച്ചാല്‍, ഞാന്‍ അഞ്ചു ദിവസത്തിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചു ചിന്തിക്കുന്നതില്‍ വ്യാപൃതയായിരിക്കും. അത്രയുമേ എനിക്കു കഴിയൂ. അതൊക്കെയാണ് അടിസ്ഥാനപരമായി ഞങ്ങള്‍ തമ്മിലുള്ള വ്യത്യാസം.
ജീവിതത്തെയും ലോകത്തെയും കുറിച്ചുള്ള കാഴ്ചപ്പാടില്‍ ഞങ്ങള്‍ ഒരുപോലെയാണ്. ഞങ്ങളിരുവരും അഹിംസയില്‍ വിശ്വസിക്കുന്നു. പരമാവധി സത്യസന്ധരായിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കാറുള്ളത്. ഞങ്ങളുടെ മൂല്യങ്ങളെല്ലാം സമാനമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഏറെ അടുപ്പവുമുണ്ട്. കുട്ടികളായിരിക്കുമ്പോള്‍ ഭ്രാന്തമായി ഞങ്ങള്‍ തമ്മിലടിച്ചു. അതൊരുപക്ഷേ, വീട്ടില്‍ മറ്റൊന്നും ഞങ്ങള്‍ക്ക് ചെയ്യാനില്ലാത്തതുകൊണ്ടായിരിക്കാം. ഔദ്യോഗിക പരിപാടികളില്‍ ഞങ്ങളെ വേര്‍തിരിച്ച് ഇരുത്തണമായിരുന്നു.
ഒരിക്കല്‍ ഞങ്ങള്‍ റഷ്യയിലായിരുന്നപ്പോള്‍, തമ്മില്‍ത്തല്ലാതിരിക്കാന്‍ അമ്മ ഞങ്ങളിലൊരാളെ പിടിച്ചുവെക്കുമായിരുന്നു. അച്ഛനപ്പോള്‍ ഏതെങ്കിലും യുദ്ധസ്മാരകത്തിലായിരിക്കും. ഞങ്ങളൊരുപാട് പോരടിച്ചിരുന്നു. അതേസമയം, ഞങ്ങള്‍ക്ക് പരസ്പരം ഏറെ അടുപ്പവുമുണ്ടായിരുന്നു. ഇപ്പോഴെനിക്ക് പറയാനാവും, രാഹുല്‍ എന്റെ മികച്ച സുഹൃത്താണെന്ന്. ഞാന്‍ ചിന്തിക്കുന്നതിനേക്കാള്‍ രാഹുല്‍ ആഴത്തില്‍ ചിന്തിക്കുകയും അവസാനം ശരിയിലേക്കെത്തുകയും ചെയ്യുന്നു. രാഹുല്‍ പറയുന്നത് എന്റെ നല്ലതിനുവേണ്ടിയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. രാഹുലിനോട് എനിക്ക് തുറന്നമനസ്സാണുള്ളത്, പ്രിയങ്ക ഗാന്ധി തുടര്‍ന്നു.
പൊതുജനമധ്യത്തിലെ വെളിപ്പെടലാണ് അന്നും ഇന്നുമൊക്കെ ഞാന്‍ ഭയപ്പെടുന്ന ഒരു കാര്യം. രാഷ്ട്രീയജീവിതത്തിലെ യോജിക്കാനാവാത്ത കാര്യമെന്തന്ന ചോദ്യത്തോട് പ്രിയങ്ക പ്രതികരിച്ചു.
കാലിഫോര്‍ണിയയിലെ ബര്‍ക്ലി സര്‍വകലാശാല പ്രൊഫസര്‍ പ്രദീപ് ചിബ്ബര്‍, ബര്‍ക്ലി സര്‍വകലാശാല, ഹാര്‍വര്‍ഡ് ബിസിനസ് സ്‌കൂള്‍ റിസര്‍ച്ചറുമായ ഹര്‍ഷ് ഷാ എന്നിവര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രിയങ്കയുടെ പ്രതികരണം.