ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പുറപ്പെട്ടു. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ ഹാത്രാസ് അതിര്‍ത്തിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം യുപി ഭരണകൂടം ഇരുവര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്താനുളള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇരുവരുടെയും സന്ദര്‍ശനം തടയാന്‍ ഉത്തര്‍പ്രദേശ് പൊലീസ് ശ്രമം തുടങ്ങിയതായാണ് വിവരം. ജില്ലാ അതിര്‍ത്തി അടയ്ക്കുകയും പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്തുവന്നാലും ഹത്രാസിലെത്തി പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കാണാന്‍ രാഹുലും പ്രിയങ്കയും ശ്രമിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
ഹാത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്നലെ സംസ്ഥാന വ്യാപകമായി പ്രകടനങ്ങള്‍ നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ദ്ധരാത്രിയില്‍ പൊലീസ് ബലംപ്രയോഗിച്ച് സംസ്‌കരിച്ചതിനെതിരെ രാഹുല്‍ പ്രിയങ്കയും രംഗത്തെത്തിയിരുന്നു. ഇത് രാജ്യത്തിനു തന്നെ നാണക്കേടാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.