ന്യൂഡല്‍ഹി: ഹത്രാസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഇരുപതുകാരിയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും യു.പി. പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍ നിന്നും കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ ഡല്‍ഹി-യുപി അതിര്‍ത്തിയില്‍വെച്ച് തടഞ്ഞെങ്കിലും പദയാത്രയാരംഭിച്ച ഇരുവരേയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നാലെയാണ് ഇരു നേതാക്കളേയും യുപി പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം, യോഗി പൊലീസിന്റെ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. നിരോധനാജ്ഞ ഉയര്‍ത്തിക്കാട്ടി യോഗി സര്‍ക്കാറിന് തന്നെ തടയാവില്ലെന്നും കൂട്ടം ചേരുന്നതാണ് പ്രശ്‌നമെങ്കില്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഒറ്റക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
‘ഞാന്‍ പോയി ഹത്രാസിലെ ഇരയുടെ കുടുംബത്തെ കാണും, എന്നെ തടയാന്‍ ബിജെപി സര്‍ക്കാരിന് കഴിയില്ല, രാഹുല്‍ഗാന്ധി പ്രതികരിച്ചു. സെക്ഷന്‍ 144 എന്നാല്‍ ആളുകള്‍ ഒത്തുകൂടുക എന്നാണ്. എന്നാല്‍ എനിക്ക് പരസ്യമില്ലാതെ ഒറ്റയ്ക്ക് പോകാം. ഞാന്‍ അവരെ കാണും, അവര്‍ക്ക് എന്നെ തടയാന്‍ കഴിയില്ല. ഇതൊരു കുറ്റമല്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.
സമാധാനപരമായ മാര്‍ച്ചില്‍ ലാത്തിചാര്‍ജ് ചെയ്യാന്‍ ഉത്തരവിട്ടതോടെ ആദിത്യനാഥ് സര്‍ക്കാറിന്റെ ഭയമാണ് പുറത്താവുന്നത്. എനിക്ക് ഒറ്റക്ക് പോകണം എന്ന് ഞാന്‍ അവരോട് പറഞ്ഞെങ്കിലും യുപി പൊലീസ് തന്നെ തള്ളിയിട്ടതായും രാഹുല്‍ ഗാന്ധി പറഞ്ഞു.
വാഹനത്തില്‍ നിന്നും ഇറങ്ങിയ ഇരുവരും ഹാത്രാസിലേക്ക് കാല്‍നടയായി യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ യമുനാ എക്പ്രസ് റോഡില്‍ വെച്ച് രാഹുല്‍ ഗാന്ധിക്കെതിരെ യുപി പൊലീസ് ബലം പ്രയോഗിച്ചു തടഞ്ഞു. പൊലീസ് റോഡില്‍ തടഞ്ഞതോട രാഹുല്‍ ഗാന്ധി കുതറി നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ വീട്ടിലെത്താനുള്ള നൂറ് കീലോമീറ്റര്‍ നടന്നു താണ്ടുമെന്നാണ് നേരത്തെ പ്രിയങ്ക ഗാന്ധി പ്രതികരിച്ചത്. തുടര്‍ന്ന് ഇരുവരും വാഹനത്തില്‍ നിന്നും ഇറങ്ങി നടക്കുകയായിരുന്നു. പോലീസ് തന്നെ തള്ളി നിലത്തിട്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.