X

വിങ്ങിപൊട്ടി അമ്മ; ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ച് പ്രിയങ്ക

ലക്‌നൗ: മരണാനന്തര കര്‍മങ്ങള്‍ പോലും ചെയ്യാതെ മകളെ യാത്രയാക്കേണ്ടി വന്ന ആ അമ്മ പ്രിയങ്ക ഗാന്ധിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. അമ്മയെ ചേര്‍ത്ത് പിടിച്ച് പ്രിയങ്കയും. ഹത്രസില്‍ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ രാഹുലും പ്രിയങ്കയും സാക്ഷ്യം വഹിക്കേണ്ടി വന്നത് കണ്ണീരോടെ കഴിയുന്ന ബന്ധുക്കളെയാണ്. ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ പ്രിയങ്കയും അവരെ ചേര്‍ത്തുപിടിച്ച് കരഞ്ഞു.

രാഹുലിനും പ്രിയങ്കയ്ക്കും മുന്നില്‍ ആ കുടുംബം തങ്ങള്‍ നേരിട്ട ക്രൂരത വിവരിച്ചു. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കും വരെ പോരാട്ടം തുടരുമെന്ന് പ്രിയങ്ക ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി ഓടിച്ച വാഹനത്തില്‍ രാഹുല്‍ ഗാന്ധിയും പിന്നാലെ എംപിമാരും ശനിയാഴ്ച ഉച്ചക്ക് 2 മണിക്കാണ് ഹത്രസിലേക്ക് പുറപ്പെട്ടത്.

ഏറെ നേരത്തെ പ്രതിഷേധങ്ങള്‍ക്കൊടുവിലായിരുന്നു അഞ്ച് പേര്‍ക്ക് ഹത്രസിലേക്ക് പോകാന്‍ പൊലീസ് അനുമതി നല്‍കിയത്. അനുമതി നല്‍കിയ കാര്യം വാഹനത്തിന്റെ മുകളില്‍ കയറി രാഹുല്‍ ഗാന്ധി തന്നെയാണ് വെളുപ്പെടുത്തിയത്. എന്നിട്ടും പ്രവര്‍ത്തകരുടെ തിരക്കില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് വാഹനം പൊലീസ് അതിര്‍ത്തി കടത്തിവിട്ടത്. ഇതിനിടയില്‍ പൊലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി. പരുക്കേറ്റ പ്രവര്‍ത്തകരെ എഴുന്നേല്‍പ്പിച്ചു വാഹനത്തില്‍ കയറ്റിയ ശേഷമാണ് രാഹുലും പ്രിയങ്കയും യാത്ര തിരിച്ചത്.മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുലും പ്രിയങ്കയും ഹത്രസില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. കുടുംബത്തെ കാണുന്ന ആദ്യ പ്രതിപക്ഷ സംഘമാണിത്.

 

Test User: