ന്യൂഡല്‍ഹി: ഹാത്രസിലേക്കുള്ള രാഹുല്‍ഗാന്ധിയുടെ യാത്രയില്‍ കാറോടിച്ചത് പ്രിയങ്ക ഗാന്ധിയാണ്. പ്രിയങ്കയ്ക്ക് ഒപ്പം മുന്‍സീറ്റില്‍ തന്നെ രാഹുല്‍. യുപിയിലെ രാഷ്ട്രീയക്കളത്തില്‍ കോണ്‍ഗ്രസ് പുറത്തെടുക്കുന്ന പുതിയ പോരിന്റെ നേര്‍ചിത്രമായിരുന്നു ഇത്. പ്രിയങ്ക തന്നെ ഡ്രൈവിങ് സീറ്റില്‍. കൂടെ രാഹുലും.
കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള യാത്ര ഏതു വിധേനയും തടയുമെന്ന നിലപാടില്‍ നിന്ന് യോഗി സര്‍ക്കാര്‍ പിന്നോട്ടു പോയത് കോണ്‍ഗ്രസിന് രാഷ്ട്രീയ നേട്ടമായി. രാഹുല്‍, പ്രിയങ്ക എന്നിവര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് കുടുംബത്തെ കാണാമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം ഹത്രാസിലേക്കുള്ള യാത്രയില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത് സര്‍ക്കാറിനും ബിജെപിയും തിരിച്ചടിയായിരുന്നു. ഇനിയും ഒരു സംഘര്‍ഷമോ പ്രശ്‌നമോ ഉണ്ടാക്കുന്നത് കൂടുതല്‍ രാഷ്ട്രീയ തിരിച്ചടികള്‍ക്ക് കാരണമാകും എന്നു കണ്ടാണ് ബിജെപി മുന്‍നിലപാടില്‍ നിന്ന് യു ടേണ്‍ എടുത്തത്.
കുറച്ചുകാലമായി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് യോഗി സര്‍ക്കാറിനെതിരെ രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. സംസ്ഥാനത്ത് യോഗിക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന നേതാവ് എന്ന നിലയിലേക്ക് പ്രിയങ്ക വളര്‍ന്നു കഴിഞ്ഞു. മറ്റു പ്രതിപക്ഷ നേതാക്കളായ എസ്പിയുടെ അഖിലേഷ് യാദവ്, ബിഎസ്പിയുടെ മായാവതി എന്നിവര്‍ ചിത്രത്തിലേ ഇല്ല എന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പു മുതലാണ് പ്രിയങ്ക യുപിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതിന്റെ ഭാഗമായി അദ്ദേഹം പാര്‍ട്ടിയെ ഉടച്ചു വാര്‍ക്കുകയും ചെയ്തു. പ്രവര്‍ത്തക സംഗമങ്ങളും കണ്‍വന്‍ഷനുകളും നടന്നുവരുന്ന വേളയിലാണ് ദേശശ്രദ്ധയാകര്‍ഷിച്ച ബലാത്സംഗക്കേസില്‍ പ്രിയങ്ക, രാഹുലിനെ വച്ച് ശക്തമായ ഇടപെടല്‍ നടത്തുന്നത്.
സാഹചര്യങ്ങള്‍ മുതലെടുക്കാനുള്ള മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ മിടുക്കാണ് പ്രിയങ്കയുടെ പ്ലസായി രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അത് കൃത്യമായി മുതലെടുക്കാന്‍ നിലവില്‍ പ്രിയങ്കക്കായിട്ടുണ്ട്.
അതിനിടെ, യുപി സര്‍ക്കാര്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തോടും കുടുംബത്തോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ക്ക് നീതിവേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.