അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധി. നിങ്ങളുടെ വോട്ടുകള്‍ ആയുധമാണെന്നും അത് തെറ്റായ രീതിയില്‍ പ്രയോഗിക്കരുതെന്നും അഹമ്മദാബാദിലെ ആദ്യ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനു ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രിയങ്കഗാന്ധി പറഞ്ഞു.
നിങ്ങളുടെ മുന്നിലിരുന്ന് നിങ്ങള്‍ക്ക് തൊഴില്‍ നല്‍കാമെന്ന് പറഞ്ഞയാളെക്കുറിച്ച് നിങ്ങള്‍ ചിന്തിക്കൂ, എന്നിട്ട് തീരുമാനമെടുക്കൂ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വാക്കുകള്‍. അയാള്‍ വാഗ്ദാനം ചെയ്ത 15 ലക്ഷവും സ്ത്രീസുരക്ഷയും എവിടെയാണ്? ഈ രാജ്യത്ത് വെറുപ്പും വിദ്വേഷവും പരത്തുകയാണ് അയാള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ അടിസ്ഥാനം സ്‌നേഹവും സാഹോദര്യവുമാണ്. ഈ ദിവസങ്ങളില്‍ വളരെ ദു:ഖകരമായ കാര്യങ്ങളാണ് ഇവിടെ സംഭവിച്ചുകൊണ്ടിരുന്നത്. ബോധവല്‍ക്കരണത്തേക്കാള്‍ വലിയതല്ല രാജ്യസ്‌നേഹമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
58 വര്‍ഷത്തിന് ശേഷമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. യോഗത്തിന് ശേഷമുള്ള പൊതുപരിപാടിയിലാണ് മോദിക്കെതിരേയും ബി.ജെ.പിക്കെതിരേയും വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രിയങ്കഗാന്ധി വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സോണിയാഗാന്ധി, മന്‍മോഹന്‍സിങ് തുടങ്ങി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളെല്ലാവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളും പ്രാദേശിക സഖ്യ സാധ്യതകളും ചര്‍ച്ചയാകുന്നതായിരുന്നു യോഗം. അതേസമയം, കേരളത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമ തീരുമാനം വെള്ളിയാഴ്ച്ച ഉണ്ടാകും. വെള്ളിയാഴ്ച്ച രാവിലെ ഡല്‍ഹിയില്‍ സ്‌ക്രീനിംഗ് കമ്മിറ്റി യോഗം വീണ്ടും ചേരും. ഇന്നലെ ചേര്‍ന്ന സ്‌ക്രീംനിംഗ് കമ്മിറ്റി യോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിരുന്നു.