X
    Categories: MoreViews

പ്രിയങ്കയുടെ അധ്യക്ഷ സ്ഥാനം; വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രിയങ്ക ഗാന്ധിയെ പരിഗണിക്കുന്നു എന്നുള്ള റിപ്പോര്‍ട്ടിനു പിന്നില്‍ സര്‍ക്കാറിന്റെ കൈകടത്തലെന്ന് കോണ്‍ഗ്രസ് വക്താവ്. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ 75-ാം വാര്‍ഷികം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രിയങ്ക ഗാന്ധിയെ വര്‍ക്കിങ് പ്രസിഡന്റാക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് പാര്‍ട്ടി വ്യക്തമാക്കി. സര്‍ക്കാര്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ പരാമര്‍ശങ്ങളാണിത്. ജനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയകുഴപ്പം സൃഷ്ടിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് ആ ആരോപണങ്ങളെ തള്ളിക്കളയുന്നതായി ആനന്ദ് ശര്‍മ വ്യക്തമാക്കി.
പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തന്നെ ഈ നിര്‍ദേശം നേതാക്കള്‍ക്ക് മുമ്പില്‍ വെച്ചതായാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ട്ടിയിലെ നേതൃമാറ്റത്തെക്കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി സോണിയ ആശയവിനിമയം നടത്തി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായുള്ള കൂടിക്കാഴ്ചയില്‍ പ്രിയങ്കയെ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിര്‍ദേശം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഭരണ വീഴ്ച മറികടക്കാന്‍ കേന്ദ്രം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ ആരോപണങ്ങള്‍. തീവ്രവാദി ആക്രമണം, തൊഴിലില്ലായ്മ, സാമ്പത്തിക പിന്നോക്കാവസ്ഥ, കുരുന്നുകളുടെ മരണം എന്നീ വിഷയങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ഓഫീസും ഇക്കാര്യം തള്ളിക്കളഞ്ഞു. വ്യാജപ്രചരണമാണ് നടക്കുന്നതെന്നായിരുന്നു വിശദീകരണം.

chandrika: