ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായുള്ള സ്‌നേഹം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഏറെ കാലമായി താന്‍ ഹസീനയുമായുള്ള കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുകയായിരുന്നുവെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് അവരെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
ഹസീന തന്നെ ആലിംഗനം ചെയ്യുന്ന ചിത്രവും പ്രിയങ്ക പങ്കുവെച്ചിട്ടുണ്ട്. ഏറെക്കാലമായി കാത്തുവച്ചിരുന്ന സ്‌നേഹം ഷെയ്ഖ് ഹസീനാജിക്ക് കൈമാറാന്‍ അവസരം ലഭിച്ചു. വ്യക്തിപരമായ വേദനകളെ തരണംചെയ്യാന്‍ അവര്‍ കൈക്കൊണ്ട മനശക്തിയും ധൈര്യവും ലക്ഷ്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അവര്‍ കാണിക്കുന്ന ധീരതയും അക്ഷീണപരിശ്രമവും എനിക്ക് എല്ലാക്കാലത്തും പ്രചോദനമായിരുന്നു- പ്രിയങ്ക ട്വീറ്റ് ചെയ്തു. നേരത്തെ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ആനന്ദ് ശര്‍മ എന്നിവരുമായും ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗ്ലാദേശില്‍ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രിയാണ് ഹസീന. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് ഹസീന രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. പ്രധാനമന്ത്രിയായിരിക്കെ മന്‍മോഹന്‍സിങ് 2011ല്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു.
സോണിയയും മന്‍മോഹനും ഹസീനയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഇന്ത്യയിലെത്തിയ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കോണ്‍ഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി, പ്രവര്‍ത്തക സമിതി അംഗം ആനന്ദ് ശര്‍മ്മ എന്നിവരും സംബന്ധിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പിന്നീട് വ്യക്തമാക്കി. ബംഗ്ലാദേശിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്നയാള്‍ എന്ന ഖ്യാതിയുള്ള ഷെയ്ഖ് ഹസീന ചതുര്‍ദിന സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് ഡല്‍ഹിയിലെത്തിയത്. ഡോ.മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാര്‍ ഇന്ത്യയില്‍ അധികാരത്തിലിരിക്കെ, 2009ലാണ് ഷെയ്ഖ് ഹസീന ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തില്‍ തിരിച്ചെത്തിയത്. 2011ല്‍ പ്രധാനമന്ത്രിയായിരിക്കെ, ഡോ. മന്‍മോഹന്‍ സിങ് നടത്തിയ ബംഗ്ലാദേശ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ശനിയാഴ്ച ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തിയിരുന്നു.