രണ്ട് ദിവസത്തിനുള്ളില്‍ വയനാട്ടിലെത്തുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി. ജനങ്ങളുടെ വിജയമാണ് ഉണ്ടായത്. വലിയ അംഗീകാരമാണ് ലഭിച്ചതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങളുടെ സ്വപ്നങ്ങളും പോരാട്ടവും പാര്‍ലമെന്റില്‍ എത്തിക്കും. അവരുടെ വാക്കായി പാര്‍ലമെന്റില്‍ പ്രവര്‍ത്തിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കേരളത്തിലെ യു.ഡി.എഫ് നേതാക്കളോടും പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. 12 മണിക്കൂര്‍ വരെയുള്ള വിശ്രമമില്ലാത്ത കാമ്പയിനുകളില്‍ എനിക്കൊപ്പം നിന്ന പ്രവര്‍ത്തകരോടും നന്ദി പറയുകയാണ്. തനിക്കൊപ്പം നിന്ന അമ്മക്കും റോബര്‍ട്ടിനും റൈഹാനും മിരായക്കും നന്ദി അറിയിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.
പ്രിയങ്ക ഗാന്ധി നാല് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടില്‍ നിന്നും ജയിച്ച് കയറിയത്. എല്‍.ഡി.എഫിന്റെ സത്യന്‍ മൊകേരി 2,09,906 വോട്ടുകളാണ് നേടിയത്. ബി.ജെ.പിയുടെ നവ്യ ഹരിദാസ് 1,09,202 വോട്ടുകളാണ് നേടിയത്. രാഹുല്‍ ഗാന്ധി വയനാട് സീറ്റ് ഒഴിഞ്ഞതിനെ തുടര്‍ന്നാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
നേരത്തെ 3.6 ലക്ഷം വോട്ടുകള്‍ക്കാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധി വിജയിച്ചത്. രാഹുലിന്റെ നേട്ടത്തെ മറികടക്കുന്ന വിജയമാണ് പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലുണ്ടായത്.