രാഹുൽ ഗാന്ധി കൂടിയെത്തിയതോടെ ആവേശത്തിന്റെ കൊടുമുടിയിലാണ് വയനാട്. പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്.
മൂവർണ നിറത്തിലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ‘ Welcome Priyanka Gandhi ‘ പ്ലക്കാർഡുകളും ഉയർത്തിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടേയും പ്രിയങ്കയുടേയും ചിത്രങ്ങൾ അടങ്ങിയ നിരവധി പ്ലക്കാർഡുകളാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നടക്കമാണ് പ്രവർത്തകർ എത്തിയിരിക്കുന്നത്. ഇന്ദിരാഗാന്ധിയെപ്പോലെ പ്രിയങ്കയെ കാണുമെന്നാണ് ജനക്കൂട്ടത്തിന്റെ പ്രതികരണം.
രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വയനാട്ടിലെത്തിയിട്ടുണ്ട്. ബത്തേരി സെൻ്റ് മേരീസ് കോളേജ് ഗ്രൗണ്ടിലെത്തിയ രാഹുൽ ഗാന്ധി കാർ മാർഗമാണ് താമസസ്ഥലത്തേക്ക് പോയത്. തുടർന്ന് താമസസ്ഥലത്തു നിന്നും ഇരുവരും പുതിയസ്റ്റാന്റിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
റോഡ് ഷോയ്ക്ക് ശേഷം 12:30-ഓടെ പ്രിയങ്ക ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിക്കും. മണ്ഡലം രൂപീകൃതമായ ശേഷം കോൺഗ്രസിനൊപ്പമാണ് വയനാട്. കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. വയനാടിന് സുപരിചിതയായ പ്രിയങ്കയെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ തന്നെ വിജയിപ്പിക്കാനാണ് കോൺഗ്രസിന്റെ ശ്രമം.