X

നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ സത്യമാവില്ല, രാജ്യം നേരിടുന്നത് നാളിതുവരെ കാണാത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രിയങ്ക

ന്യൂഡല്‍ഹി: രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടുത്തി അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. രാജ്യം നാളിതുവരെ കാണാത്ത വിധം വന്‍ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ടുഴറുകയാണ്. സാമ്പത്തിക പ്രതിസന്ധിയില്ലെന്ന നുണ കേന്ദ്രസര്‍ക്കാര്‍ എത്ര ആവര്‍ത്തിച്ചാലും അത് സത്യമാവില്ലെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘ഒരു നുണ നൂറു തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമായിത്തീരില്ല. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയാണെന്ന സത്യം അംഗീകരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ തയാറാകണം. പ്രസ്താവനകളിലൂടെ മാധ്യമങ്ങളില്‍ തലവാചകങ്ങള്‍ തീര്‍ത്ത് എത്രനാള്‍ സര്‍ക്കാരിന് മുന്നോട്ട് പോകാനാകും? ‘ പ്രിയങ്കാ ഗാന്ധി ചോദിക്കുന്നു.

രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമ്പോഴും പ്രശ്‌നപരിഹാരത്തിന് ശ്രമിക്കാതെ ഇത് നിഷേധിക്കുന്ന മോദി സര്‍ക്കാരിന്റെ സമീപനത്തെ വിമര്‍ശിച്ചാണ് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയത്. തെറ്റായ പ്രസ്താവനകളിലൂടെ യാഥാര്‍ഥ്യത്തെ നിഷേധിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് പ്രശ്‌നപരിഹാരത്തിന് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്നും പ്രിയങ്കാ ഗാന്ധി ഓര്‍മപ്പെടുത്തി.

web desk 1: