തെരഞ്ഞെടുപ്പ് ഗോദയിൽ തന്റെ കന്നിയങ്കത്തിനായി ഒരുങ്ങുകയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പ്രിയങ്ക വയനാട് മണ്ഡലത്തിലെത്തുന്നത് രാഹുലിന്റെ പകരക്കാരിയായിട്ടാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തുമെന്ന തീരുമാനം എടുത്തതിന് പിന്നാലെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം പ്രഖ്യാപിക്കപ്പെടുന്നത്.
ഇതോടെ അവസാനമാകുന്നത് പ്രിയങ്കാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എന്നുവരും എന്ന രാഷ്ട്രീയ ചോദ്യത്തിനാണ്. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഏറെനാളായി ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതൃത്വവും അണികളും. എന്നാൽ അനുയോജ്യമായ സമയത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പ്രിയങ്ക. മാത്രവുമല്ല വർഗീയ ശക്തികൾക്കെതിരെ പോരാടാൻ അണികൾക്ക് നിരന്തരം പ്രചോദനം നൽകിക്കൊണ്ടിരുന്നു പ്രിയങ്ക.
പ്രിയങ്കയെന്ന ഫയർബ്രാന്‍ഡിനെ കോണ്‍ഗ്രസ് കളത്തിലിറക്കുന്നതിലൂടെ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്ക് ശക്തമായ ഒരു താക്കീത് കൂടി കോൺഗ്രസ് നൽകുന്നുണ്ട്. പ്രിയങ്കാ ഗാന്ധിയെ സംബന്ധിച്ച് വയനാട് ഒരു ബാലികേറാ മലയല്ലെന്നത് നഗ്നമായ സത്യമാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ മാത്രമേ അന്തിമ കണക്ക് എടുക്കേണ്ടതുള്ളൂ.
ഹൃദയഭൂമിയില്‍ രാഹുലും ദക്ഷിണേന്ത്യയിൽ പ്രിയങ്കയും ഉണ്ടാകും എന്നത് തന്നെയാണ് രാഷ്ട്രീയ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമാകുന്നത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യം നേടിയ വിജയം അത്ര ചെറുതല്ല. കഴിഞ്ഞ തവണ കൈവിട്ട അമേഠിയും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണായുധം ആക്കിയ അയോധ്യ രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫായിസാബാദിലും ഇന്‍ഡ്യ സഖ്യം വിജയിച്ചത് രാഹുലിന്റെയും കോൺഗ്രസിന്റെയും നേട്ടം തന്നെയാണ്. ആ പോരാട്ടം ഹിന്ദി ഹൃദയഭൂമിയില്‍ ഇനിയും തുടരുമെന്ന സന്ദേശം കൂടിയാണ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിര്‍ത്തിയതിലൂടെ നല്‍കാനായത്.
ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ആഗ്രഹത്തിന്റെ ചിറകരിയുന്നതാണ് പ്രിയങ്ക ഗാന്ധിയുടെ വരവെന്ന കാര്യത്തിൽ തർക്കമില്ല. തമിഴ്നാട്,കർണാടകം, തെലങ്കാന, ആന്ധ്രപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ വേരോട്ടം ഉണ്ടാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് ബിജെപി. കേരളത്തിലും ബിജെപി നുഴഞ്ഞു കയറാൻ ശ്രമിക്കുന്നത് മറന്നുകൂടാ. ഈ ഘട്ടത്തില്‍ സ്റ്റാലിനൊപ്പം, ഡികെ ശിവകുമാറിനും സിദ്ധരാമയ്യയ്ക്കുമൊപ്പം കേരളത്തിലെ കോണ്‍ഗ്രസിനുമൊപ്പം പ്രിയങ്കയെന്ന ക്രൗഡ് പുള്ളര്‍ നേതാവ് അണി നിരക്കുന്നത് ചില്ലറ ആത്മവിശ്വാസമല്ല ഉണ്ടാക്കുന്നത്. വ്യക്തമായ മുന്നറിയിപ്പ് കൂടി ബിജെപിക്ക് കോൺഗ്രസ് നൽകുന്നു എന്ന കാര്യത്തിൽ തർക്കമില്ല.
ഇതുവരെയും സോണിയാഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനും വേണ്ടി പ്രചാരണത്തില്‍ സജീവമായ പ്രിയങ്ക ഒരു മത്സരത്തിനൊരുങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. മാത്രവുമല്ല പ്രിയങ്കയെ പോലെയൊരാള്‍ പാര്‍ലമെന്റിലെത്തുന്നത് പ്രതിപക്ഷത്തിന്‍റെ പാർലമെന്‍റിലെ നീക്കത്തിന് ശക്തിപകരുന്നതാണ്. പ്രതിപക്ഷ നിരയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി കൂടി അണിനിരക്കുമ്പോള്‍ നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനും അതൊരു വെല്ലുവിളി തന്നെയാകും.. രാജ്യത്തെ ജനങ്ങൾക്ക് ആശ്വാസവും.