X

ബീഹാറിലെ ‘ഇരട്ട എൻജിൻ’ ബി.ജെ.പി സർക്കാർ യുവാക്കൾക്കെതിരായ ഇരട്ട ക്രൂരതയുടെ പ്രതീകമെന്ന് പ്രിയങ്ക ഗാന്ധി

ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

പരീക്ഷകളിലെ അഴിമതിയും കൃത്രിമവും പേപ്പര്‍ ചോര്‍ച്ചയും തടയുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. എന്നാല്‍, അഴിമതി തടയുന്നതിന് പകരം വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ഈ കൊടും തണുപ്പില്‍ യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണ്. ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ യുവാക്കള്‍ക്ക് നേരെയുള്ള ഇരട്ട ക്രൂരതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

അതിനിടെ, മുന്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ രൂപീകരിച്ച പുതിയ സംഘടനയായ ‘ജന്‍ സൂരജ് പാര്‍ട്ടി’ ബിഹാറിലെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ ‘ബി ടീമായി’ പ്രവര്‍ത്തിക്കുന്നുവെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതിനു പിന്നാലെ ഒരു ഒരു വീഡിയോ സന്ദേശത്തിലായിരുന്നു പ്രശാന്തിനെതിരെ തേജസ്വിയുടെ ആക്രമണം. പ്രശാന്ത് പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ച് ഗാന്ധി മൈതാനത്തേക്ക് മാര്‍ച്ച് നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്ന് തേജസ്വി പറഞ്ഞു.

‘ഈ പ്രസ്ഥാനം ആരംഭിച്ചത് വിദ്യാര്‍ഥികളാണ്. ഗാര്‍ദാനി ബാഗില്‍ രണ്ടാഴ്ചയോളം നീണ്ട അവരുടെ ധര്‍ണ സര്‍ക്കാരിനെ വിറപ്പിച്ചു. ഈ നിമിഷം സര്‍ക്കാറിന്റെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ചിലര്‍ അതിലേക്ക് കടന്നുവന്നു. ഭരണകൂടത്തിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഗാന്ധി മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാന്‍ പ്രതിഷേധക്കാരെ തെറ്റിദ്ധരിപ്പിച്ചു. ലാത്തിച്ചാര്‍ജും ജലപീരങ്കിയും നേരിടേണ്ട സമയമായപ്പോള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കാമെന്ന് വാഗ്ദാനം ചെയ്തവര്‍ ഓടിപ്പോകാന്‍ തീരുമാനിച്ചുവെന്നും തേജസ്വി ആരോപിച്ചു.

പൊലീസ് ബലം പ്രയോഗിച്ചപ്പോള്‍ കിഷോര്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അതിനു മുമ്പ് അദ്ദേഹം തന്റെ അനുയായികളോടൊപ്പം പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തിരുന്നു. ഇത് കിഷോറിനും ജാന്‍ സൂരജ് പാര്‍ട്ടി പ്രസിഡന്റ് മനോജ് ഭാരതിക്കുമെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനിടയാക്കി. പ്രശാന്ത് കിഷോര്‍ സംസാരിച്ച ഗാന്ധി മൈതാനത്തുനിന്ന് പ്രതിഷേധക്കാര്‍ ഞായറാഴ്ച വൈകുന്നേരം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശ്രമിച്ചുവെന്നും ഇത് നടപടിയെടുക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചതായും പട്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു.

webdesk13: